തിരുവനന്തപുരം: ഖാദി ബോർഡ് സെക്രട്ടറി കെ എ രതീഷിന്‍റെ ശമ്പളം 1,72000 രൂപയാക്കി. ഇന്ന് ചേർന്ന ഖാദി ഡയറക്‌ടർ ബോർഡ് യോഗമാണ് ശമ്പളം വർധിപ്പിക്കാൻ തീരുമാനിച്ചത്. നിലവിൽ 80,000 രൂപയായിരുന്നു കെ എ രതീഷിന്‍റെ ശമ്പളം. ഖാദി ബോർഡ് ചെയർമാനായ വ്യവസായ മന്ത്രി ഇ പി ജയരാജൻ ശുപാർശ പ്രകാരമാണ് ശമ്പളം വർധിപ്പിച്ചത്. ബോർഡ് അംഗങ്ങൾ ശമ്പള വർധനവ് എതിർത്തെങ്കിലും മന്ത്രി ശുപാർശ ചെയ്‌തതിനെതുടർന്ന് അംഗീകരിക്കുകയായിരുന്നു.
മൂന്നര ലക്ഷം രൂപ ശമ്പളമായി വേണമെന്നതായിരുന്നു രതീഷിന്‍റെ ആവശ്യം. എന്നാൽ ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന് ഖാദിബോർഡും വ്യവസായ മന്ത്രിയും നിലപാടെടുത്തു. ഇതിനു പിന്നാലെ ശമ്പളം വര്‍ധിപ്പിച്ചത് കാട്ടി ബോർഡ് അംഗങ്ങൾക്കെല്ലാം കെ രതീഷ് തന്നെ കത്ത് നൽകിയിരുന്നു. ഇത് വിവാദമാവുകയും ചെയ്‌തു.
ഇന്ന് ചേർന്ന ഖാദി ബോർഡ് യോഗം വിഷയം വിശദമായി ചർച്ച ചെയ്‌തു. രതീഷിന്‍റെ കത്തും ബോർഡ് യോഗത്തിന്‍റെ പരിഗണനയ്ക്ക് വന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഖാദി ബോർഡിന് ഇത്രയും വലിയ ശമ്പളം നൽകാനാകില്ലെന്ന് ബോർഡ് അംഗങ്ങൾ യോഗത്തിൽ വ്യക്തമാക്കി. എന്നാൽ ഉയർന്ന പ്രവർത്തി പരിചയം ഉള്ള രതീഷിന് ഇത്രയും ശമ്പളം നൽകണമെന്നായിരുന്നു വ്യവസായ മന്ത്രിയുടെ നിലപാട്. മന്ത്രി കൂടി അനുകൂലിച്ചതോടെയാണ് ബോർഡ് അംഗങ്ങൾ എതിർപ്പിനിടയിലും ശമ്പള വർധനവ് അംഗീകരിച്ചത്. കശുവണ്ടി ഇറക്കുമതി അഴിമതി കേസിൽ പ്രതിയാണ് കെ എ രതീഷ്.