തിരുവനന്തപുരം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയ്‌ക്കിടെ ഡോക്‌ടർ വന്ദന ദാസ് കൊലചെയ്യപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് സർക്കാർ ഡോക്‌ടർമാർ നടത്തിവന്ന പണിമുടക്ക് പിൻവലിച്ചു. 48 മണിക്കൂർ പ്രതിഷേധ സമരമാണ് പിൻവലിച്ചത്. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി ഡോക്‌ടർമാരുടെ സംഘടന നടത്തിയ ചർച്ചകളുടെ പശ്ചാത്തലത്തിലാണ് സമരം പിൻവലിക്കാൻ തീരുമാനമായത്.
ചർച്ചയിൽ ഡോക്‌ടർമാരുടെ സംഘടനകൾ ഉന്നയിച്ച ആവശ്യങ്ങളിൽ നടപടിയുണ്ടാകുമെന്ന് ഉന്നതതല യോഗത്തിൽ തീരുമാനമായിരുന്നു. സംഘടന മുന്നോട്ടുവച്ച ആവശ്യങ്ങളായ ആശുപത്രി സംരക്ഷണ നിയമം അടക്കം ഓർഡിനൻസായി ഇറക്കാൻ സർക്കാർതല തീരുമാനമായിട്ടുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് സമരം തുടരേണ്ടതില്ലെന്ന് കെജിഎംഒഎ തീരുമാനിച്ചത്.
also read : ആശുപത്രി സംരക്ഷണത്തിൽ ഓർഡിനൻസ് ഇറക്കും ; അടുത്ത മന്ത്രിസഭായോഗത്തിൽ പരിഗണിക്കും
എന്നാൽ വിഐപികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട അകമ്പടി ഡ്യൂട്ടിയിൽ നിന്ന് സംഘടന വിട്ടുനിൽക്കും. ആശുപത്രി സംരക്ഷണനിയമം പരിഷ്‌കരിച്ചുകൊണ്ടുള്ള ഓർഡിനൻസ് പുറപ്പെടുവിക്കുന്നതും പൊലീസ് എയ്‌ഡ് പോസ്റ്റ് സ്ഥാപിക്കുന്നതും ഉൾപ്പടെയുള്ള സർക്കാർ തീരുമാനങ്ങളിൽ സമയബന്ധിതമായ നടപടികൾ ഉണ്ടാകാത്ത പക്ഷം തുടർ പ്രതിഷേധ പരിപാടികളുമായി സംഘടന മുന്നോട്ടുപോകുന്നതാണെന്നും കെജിഎംഒഎ അറിയിച്ചു.