തിരുവനന്തപുരം: ഐക്യ കേരളപ്പിറവിക്കു ശേഷം കേരളം കൈവരിച്ച നേട്ടങ്ങള്‍ വിളംബരം ചെയ്യുന്നതിനും കേരളത്തിന്‍റെ ഭാവി രൂപപ്പെടുത്തുന്നതിനുള്ള ആശയങ്ങള്‍ സമാഹരിക്കുന്നതിനും ലക്ഷ്യമിട്ട് കേരളപ്പിറവി ദിനമായ നവംബര്‍ 1 മുതല്‍ 7 വരെ നടക്കുന്ന കേരളീയത്തിന് നാളെ തലസ്ഥാനത്ത് തുടക്കമാകും. രാവിലെ 10 ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കും (CM Pinarayi Vijayan will inaugurate Keraleeyam).
ക്യൂബ, യുഎഇ, ദക്ഷിണ കൊറിയ, നോര്‍വേ എന്നീ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളും സിനിമ താരങ്ങളായ കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന, മഞ്ജു വാര്യര്‍, വ്യവസായ പ്രമുഖര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. തിരുവനന്തപുരം നഗരത്തിലെ കവടിയാര്‍ മുതല്‍ കിഴക്കേക്കോട്ട വരെ 42 വേദികളിലായാണ് പരിപാടികള്‍. കേരളത്തിന്‍റെ ഭാവി കരുപ്പിടിപ്പിക്കുന്നതിനുള്ള ആശയങ്ങള്‍ സമാഹരിക്കുന്നതിനുള്ള സെമിനാറുകള്‍ നവംബര്‍ 2 ന് ആരംഭിക്കും. കേരളീയത്തിന്‍റെ ഭാഗമായി കേരളത്തിന്‍റെ വിവിധ മേഖലകളെ കോര്‍ത്തിണക്കി 4100 കലാകാരന്‍മാര്‍ പങ്കെടുക്കുന്ന 300 കലാപരിപാടികള്‍ നടക്കും.
കേരളീയത്തിന്‍റെ ഭാഗമായി രണ്ടായിരത്തിലേറെ തനതു കേരളീയ വിഭവങ്ങള്‍ പരിചയപ്പെടുത്തുന്ന കേരളീയം അടുക്കള കനകക്കുന്ന് കൊട്ടാര വളപ്പിലും പരിസരങ്ങളിലും നടക്കും. കേരള മെനു അണ്‍ ലിമിറ്റഡ് എന്ന ടാഗ് ലൈനോടെ 25 അടി നീളവും 10 അടി വീതിയുമുള്ള വമ്പന്‍ മെനു കാര്‍ഡ് തയ്യാറായിട്ടുണ്ട്. തലശേരി ബിരിയാണി മുതല്‍ തിരുവനന്തപുരത്തിന്‍റെ സ്വന്തം ബോളിയും പാല്‍പ്പായസവും വരെ തയ്യാറായിരിക്കും. മാനവീയം വീഥി മുതല്‍ കിഴക്കേക്കോട്ട വരെ 11 വേദികളിലായാണ് ഭക്ഷ്യമേള ഒരുങ്ങുന്നത്. 500 വിദഗ്‌ധ ഷെഫുമാര്‍ ഭക്ഷ്യ മേളയ്ക്ക് നേതൃത്വം നല്‍കും.
മേളയുടെ വിളംബരത്തിന്‍റെ ഭാഗമായി ഇന്ന് റോഡ് ഷോയും പുലികളിയും നടക്കും. റോഡ് ഷോ ഇന്ന് വൈകിട്ട് 5 മുതല്‍ കവടിയാര്‍ സ്‌ക്വയറില്‍ നിന്നാരംഭിക്കും. വൈകിട്ട് 3 ന് കവടിയാറില്‍ നിന്ന് പുലികളിയും നടക്കും. പുത്തരിക്കണ്ടം, കനകക്കുന്ന് ഉള്‍പ്പെടെ 6 വേദികളിലായി പുഷ്‌പമേളയും സംഘടിപ്പിച്ചിട്ടുണ്ട്. മേളയുടെ ഭാഗമായി നവംബര്‍ 1 മുതല്‍ വൈകിട്ട് 6 മുതല്‍ 10 വരെ നഗരത്തില്‍ ഗതാഗത നിയന്ത്രണവുമുണ്ട്.
മേളയുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ നേതാക്കളാരെങ്കിലും സഹകരിച്ചില്ലെങ്കിലും നല്ല ജനപങ്കാളിത്തമുണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പ്രതിപക്ഷ ബഹിഷ്‌കരണം കാര്യമായെടുക്കുന്നില്ലെന്നും ഇന്നലെ മുഖ്യമന്ത്രി വ്യക്തമാക്കി.
ചലച്ചിത്ര അക്കാദമി കേരളീയത്തിന്‍റെ ഭാഗമായി കെ.എസ്.എഫ്.ഡി.സിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ചലച്ചിത്ര മേളയില്‍ 100 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. കൈരളി, ശ്രീ, നിള, കലാഭവന്‍ എന്നീ തിയേറ്ററുകളിലാണ് പ്രദര്‍ശനം. 87 ഫീച്ചര്‍ ഫിലിമുകളും പബ്‌ളിക് റിലേഷന്‍സ് വകുപ്പും ചലച്ചിത്ര അക്കാദമിയും നിര്‍മ്മിച്ച 13 ഡോക്യുമെന്‍ററികളുമാണ് ചലച്ചിത്ര മേളയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓണ്‍ലൈന്‍ - ഓഫ്‌ലൈന്‍ രീതികള്‍ സംയോജിപ്പിച്ച് നടത്തുന്ന 25 സെമിനാറുകളിലായി ഇരുനൂറിലധികം ദേശീയ - അന്തര്‍ദേശീയ പ്രഭാഷകര്‍ പങ്കെടുക്കും.
ALSO READ: സർവം സജ്ജം; കേരളീയം മഹോത്സവത്തിന് നവംബര്‍ ഒന്നിന് കൊടിയേറും