തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ കെഎസ്ആർടിസി ഫ്രണ്ട് ഓഫിസ് (KSRTC Front Office) തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിൽ ആരംഭിച്ചു. കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട വിവരങ്ങൾ നേരിട്ട് അറിയിക്കുകയും യാത്രക്കാരുടെയും പൊതുജനങ്ങളുടെയും സംശയങ്ങൾ ദൂരീകരിക്കുകയുമാണ് കെഎസ്ആർടിസി ഇതിലൂടെ ലക്ഷ്യമിടുന്നത്. ഗതാഗത മന്ത്രി ആന്‍റണി രാജുവാണ് സെൻട്രൽ ഡിപ്പോയിൽ ആരംഭിച്ച ഫ്രണ്ട് ഓഫിസ് ഉദ്ഘാടനം ചെയ്‌തത്.
കേരളത്തിന് പുറമെ ബെംഗളൂരു, മൈസൂർ, കോയമ്പത്തൂർ, തെങ്കാശി, നാഗർകോവിൽ തുടങ്ങിയ സ്ഥലങ്ങളിലും ഫ്രണ്ട് ഓഫിസ് പ്രവർത്തിക്കുമെന്ന് മാനേജ്മെന്‍റ് ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു.
ഫ്രണ്ട് ഓഫിസ് വഴി ലഭ്യമാകുന്ന സേവനങ്ങൾ: കെഎസ്ആർടിസി അടുത്തിടെ ആരംഭിച്ച കൊറിയർ ആൻഡ് ലോജിസ്റ്റിക്‌സ് സർവീസ് വഴി സാധനങ്ങൾ അയക്കുന്നതും സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട സേവനങ്ങൾ, അംഗപരിമിതരായ യാത്രക്കാർക്ക് ആവശ്യമെങ്കിൽ വീൽചെയർ ലഭ്യമാക്കുന്നതിനുള്ള സൗകര്യം, കെഎസ്ആർടിസി ബസുകളിൽ പരസ്യം പതിപ്പിക്കുന്നത് സംബന്ധിച്ച വിവരങ്ങൾ, ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്ന യാത്രക്കാർക്ക് പ്രാഥമിക ചികിത്സ ലഭ്യമാക്കുന്നത് സംബന്ധിച്ച സേവനങ്ങൾ, ടിക്കറ്റ് അപ്ഗ്രഡേഷൻ, ബജറ്റ് ടൂറിസവുമായി ബന്ധപ്പെട്ട സമഗ്ര വിവരങ്ങൾ, വിനോദ സഞ്ചാരത്തിനും മറ്റുമായി ബസുകൾ വാടകയ്ക്ക് നൽകുന്നത് സംബന്ധിച്ച വിവരങ്ങൾ തുടങ്ങിയ കാര്യങ്ങൾ യാത്രക്കാർക്ക് ഫ്രണ്ട് ഓഫിസ് വഴി അറിയാൻ സാധിക്കുന്ന തരത്തിലാണ് ക്രമീകരണം.
ALSO READ: KSRTC Salaries | കെഎസ്ആർടിസി ജീവനക്കാർക്ക് മെയ് മാസത്തെ ശമ്പള വിതരണം ചെയ്‌തു
അതേസമയം സംസ്ഥാനത്തെവിടെയും 16 മണിക്കൂറിനുളളില്‍ കെഎസ്ആര്‍ടിസി സാധനങ്ങളെത്തിക്കുന്ന, ചരക്ക് നീക്കം സുഗമമാക്കുന്ന കൊറിയര്‍ സര്‍വീസിനും സംസ്ഥാനത്ത് തുടക്കമായിട്ടുണ്ട്. കൊറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് സര്‍വീസ് എന്ന പേരിൽ ഡിപ്പോകളില്‍ നിന്ന് ഡിപ്പോകളിലേക്കാണ് സർവീസ്. ടിക്കറ്റേതര വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനത്തിന് മാനേജ്മെന്‍റ് തുടക്കം കുറിച്ചത്.
55 ഡിപ്പോകളെ തമ്മിൽ ബന്ധിപ്പിച്ചാണ് ആദ്യ ഘട്ടത്തിൽ സർവീസ് നടത്തുന്നത്. തൊട്ടടുത്ത ഡിപ്പോയിൽ നിന്ന് തന്നെ കൊറിയർ കൈപ്പറ്റാവുന്ന തരത്തിലാണ് ക്രമീകരണം. ബെംഗളൂരു, മൈസൂര്‍, തെങ്കാശി, കോയമ്പത്തൂര്‍, നാഗര്‍കോവില്‍ തടങ്ങിയ ഡിപ്പോകളിലേക്കും ആദ്യഘട്ടത്തിൽ കൊറിയര്‍ സര്‍വീസ് നടത്തുമെന്ന് മാനേജ്മെന്‍റ് അറിയിച്ചിട്ടുണ്ട്. നഗരങ്ങളിലും ദേശീയപാതയ്‌ക്ക് സമീപത്തുമായി പ്രവര്‍ത്തിക്കുന്ന 15 ഡിപ്പോകളില്‍ കൊറിയര്‍ സര്‍വീസ് 24 മണിക്കൂറും ലഭ്യമാകും.
മറ്റ് ഡിപ്പോകളില്‍ രാവിലെ 9 മുതല്‍ രാത്രി 9 വരെയാണ് കൊറിയര്‍ സര്‍വീസ് ഉണ്ടായിരിക്കുക. 25 ഗ്രാം പാഴ്‌സലിന് 200 കിലോമീറ്റര്‍ പരിധിയില്‍ 30 രൂപ, 50 ഗ്രാമിന് 35 രൂപയും 75 ഗ്രാമിന് 45 രൂപ, 50 ഗ്രാമിന് 35 രൂപ, 75 ഗ്രാമിന് 45 രൂപ, 100 ഗ്രാമിന് 50 രൂപ, 250 ഗ്രാമിന് 55 രൂപ, 500 ഗ്രാമിന് 65 രൂപ, ഒരു കിലോയ്ക്ക് 70 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ.
ALSO READ: KSRTC Parcel Service | കെഎസ്ആര്‍ടിസി കൊറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് സംവിധാനം; ഉദ്ഘാടനം ഇന്ന്