തിരുവനന്തപുരം: കൊവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ അടിയന്തരമായി ഓക്‌സിജൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് കത്തെഴുതി മുഖ്യമന്ത്രി പിണറായി വിജയൻ. മെയ് 14നും 15നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് കേരളത്തിൽ ചുഴലിക്കാറ്റ് പ്രവചിച്ച സാഹചര്യത്തിലാണ് സംസ്ഥാനം കേന്ദ്രത്തിന് വീണ്ടും കത്തെഴുതിയത്. ചുഴലിക്കാറ്റ് ഉണ്ടായാൽ വൈദ്യുതി വിതരണത്തേയും ഗതാഗതത്തേയും ബാധിക്കും. ഇത് ഓക്‌സിജൻ ഉത്പാദനത്തിനും വിതരണത്തിലും പ്രതിസന്ധി സൃഷ്‌ടിക്കുമെന്നും ഈ സാഹചര്യത്തിൽ കേന്ദ്ര സഹായം അത്യാവിശ്യമാണെന്നും കത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Also Read:കേരളത്തില്‍ 39,955 പേര്‍ക്ക് കൂടി കൊവിഡ്; 97 മരണം
അടിയന്തിരമായി 300 മെട്രിക് ടണ്‍ ഓക്‌സിജനാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിൽ പ്രതിദിനം 212.34 മെട്രിക് ടണ്‍ ഓക്‌സിജനാണ് സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നത്. എന്നാൽ അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ കേരളത്തിലെ പ്രതിദിന ഓക്‌സിജൻ ഉപയോഗം 423.60 മെട്രിക് ടണ്ണിലേക്ക് ഉയരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നിലവിൽ ആശുപത്രികളിൽ 24 മണിക്കൂറിൽ താഴെമാത്രം ഉപയോഗിക്കാൻ ആവശ്യമുള്ള ഓക്‌സിജനാണ് സ്റ്റോക്ക് ഉള്ളത്.