തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടി മിന്നലിനും സാധ്യതയുണ്ടെന്നും പ്രത്യേക ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു (Kerala weather Updates).
അതേസമയം മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കാൻ നിർദേശിച്ചിട്ടുണ്ട്. ഇന്ന് രാത്രി 11.30 വരെ കേരള തീരത്തും തെക്കന്‍ തമിഴ്‌നാട് തീരത്തും ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
തലസ്ഥാനം വെള്ളക്കെട്ടിൽ മുങ്ങി: കഴിഞ്ഞ ദിവസം പെയ്‌ത കനത്ത മഴയിൽ തലസ്ഥാനം വെള്ളക്കെട്ടിൽ മുങ്ങി (Heavy Rain At Thiruvananthapuram). ജില്ലയിലെ പല ഇടങ്ങളിലും കടുത്ത ദുരിതമാണ് അനുഭവപ്പെട്ടത്. തിരുവനന്തപുരം പുത്തൻപാലത്ത് വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് 45 പേരെ ക്യാമ്പുകളിലേക്ക് മാറ്റിയിരുന്നു.
അതേസമയം തേക്കുമ്മൂട് ബണ്ട് കോളനിയിലും രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇവിടെയുള്ള കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു. ആമയിഴഞ്ചാൻ തോട് കരകവിഞ്ഞതോടെയാണ് നിരവധി വീടുകളിൽ വെള്ളം കയറിയത്. കണ്ണമ്മൂല ഭാഗത്തും കുണ്ടമൺകടവ് ഭാഗത്തും അനവധി വീടുകളിൽ വെള്ളം കയറിയിരുന്നു.
അതേസമയം ടെക്‌നോപാർക്ക് ഭാഗത്തും രൂക്ഷമായ വെള്ളക്കെട്ടാണുണ്ടായത്. ഇവിടെയുളള ഗായത്രി ബിൽഡിങ് ഭാഗത്താണ് വെള്ളക്കെട്ട് രൂക്ഷമായത്. ഇതിന് കാരണം ഫെയ്‌സ് ത്രീക്ക് സമീപം തെറ്റിയാർ കരകവിഞ്ഞ് ഒഴുകിയതാണ്. ഇവിടെ ഹോസ്‌റ്റലുകളിൽ കുടുങ്ങിയ പെൺകുട്ടികളെ ഫയർഫോഴ്‌സ് ഫൈബർ വള്ളങ്ങളിൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു.
അതേസമയം പോത്തൻകോട് കരൂരിലെ ഏഴ് വീടുകളിൽ വെള്ളം കയറിയിരുന്നു. ശ്രീകാര്യത്തെ ഗുലാത്തി ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷന്‍റെ മതിൽ തകർന്നു വീണിരുന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റില്ലായിരുന്നു. കഴിഞ്ഞ മാസം 14ന് വൈകിട്ട് മുതൽ ആരംഭിച്ച കനത്ത മഴയെ തുടർന്നാണ് വെള്ളക്കെട്ട് രൂക്ഷമായത്.
മോശം കാലാവസ്ഥയെ തുടർന്ന് ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിൽ ഹെലിപാഡിൽ നിന്ന് പറന്നുയരാൻ ബുദ്ധിമുട്ടുന്ന ഹെലികോപ്റ്ററിന്‍റെ വീഡിയോ പുറത്ത് (Uttarakhand Helicopter Emergency Landing- Faced Difficulty Due To Bad Weather). കഴിഞ്ഞ മാസമുണ്ടായ കനത്ത മഞ്ഞുവീഴ്‌ചയ്ക്കിടെ കേദാർനാഥ് ധാമിലെത്തിയ (Kedarnath Dham) ഹെറിറ്റേജ് ഏവിയേഷന്‍റെ ചാർട്ടേഡ് ഹെലികോപ്റ്ററാണ് കാലാവസ്ഥ മോശമായതിനെ തുടർന്ന് അവിടെ കുടുങ്ങിയത്.
മോശം കാലാവസ്ഥയിൽ ഹെലികോപ്റ്റര്‍ പറത്താന്‍ നില്‍ക്കാതെ നിലത്തിറക്കിയ പൈലറ്റിന്‍റെ സമയോചിതമായ തീരുമാനം കൊണ്ടാണ് വൻ ദുരന്തം ഒഴിവായത്. അതേസമയം സംഭവത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിന്നു.