തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കാലവര്‍ഷം എത്തുന്നതിന് മുന്നോടിയായി പടിഞ്ഞാറന്‍ കാറ്റിന്‍റെ ഗതി അനുകൂലമാകുന്നതാണ് മഴയ്‌ക്ക് കാരണം.
നാളെയോടെ കൂടുതല്‍ ജില്ലകളില്‍ മഴ വ്യാപിക്കുമെന്നാണ് വിലയിരുത്തല്‍. തെക്കന്‍ ജില്ലകളിലേക്കാവും മഴ വ്യാപിക്കുക. അതേസമയം ജൂണ്‍ മൂന്ന്, നാല് ദിവസങ്ങളില്‍ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ഈ സാഹചര്യത്തില്‍ കടലില്‍ ഇറങ്ങുന്നത് ഒഴിവാക്കണമെന്നാണ് നിര്‍ദേശം.
ജൂണ്‍ നാലോടെ സംസ്ഥാനത്ത് കാലവര്‍ഷമെത്തുമെന്നാണ് വിലയിരുത്തല്‍. കാലവര്‍ഷത്തിന്‍റെ മഴമേഘങ്ങള്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടിട്ടുണ്ട്. നിലവില്‍ ബംഗാള്‍ ഉള്‍ക്കടലിന്‍റെ തെക്ക് പടിഞ്ഞാറെ ഭാഗത്തും ആന്‍ഡമാന്‍ തീരത്തുമാണ് കാലവര്‍ഷം അനുഭവപ്പെടുന്നത്.
വരും ദിവസങ്ങളില്‍ മാലിദ്വീപ് വടക്ക് പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളിലും കാലവര്‍ഷം എത്തും. അതുകൊണ്ട് ജൂണ്‍ നാലോടെ സംസ്ഥാനത്തും കാലവര്‍ഷം എത്താനാണ് സാധ്യത. എന്നാല്‍ ഇതില്‍ രണ്ട് ദിവസത്തെ വ്യത്യാസം ഉണ്ടാകാനും സാധ്യതയുണ്ട്.
കേരളം ഉള്‍പ്പടെയുള്ള തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഈ വര്‍ഷം ശക്തമായ മഴ ലഭിക്കാന്‍ സാധ്യത ഉണ്ടെന്നാണ് വിലയിരുത്തല്‍. ഈ മുന്നറിയിപ്പിന്‍റെ സാഹചര്യത്തില്‍ സംസ്ഥാനത്ത് സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളും ആരംഭിച്ചിട്ടുണ്ട്.
നിര്‍ദേശവുമായി മുഖ്യമന്ത്രി: കാലവര്‍ഷത്തിന് മുന്നോടിയായി സംസ്ഥാനത്ത് സ്വീകരിക്കേണ്ട മുഴുവന്‍ സജീകരണങ്ങളും ഒരുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. സംസ്ഥാനത്തെ മുഴുവന്‍ തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങളിലും രക്ഷാപ്രവര്‍ത്തനത്തിന് വേണ്ടി ഒരു കെട്ടിടം കണ്ടെത്തണം.
കൂടാതെ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ആവശ്യമായ ഉപകരണങ്ങള്‍ ശേഖരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ആപാത് മിത്ര, സിവില്‍ ഡിഫന്‍സ് തുടങ്ങിയ പരിശീലനം ലഭിച്ച സന്നദ്ധ പ്രവര്‍ത്തകരെ അഗ്നിസുരക്ഷ വകുപ്പിന്‍റെ മേല്‍നോട്ടത്തില്‍ തദ്ധേശ സ്ഥാപനങ്ങളിലെ രക്ഷാകേന്ദ്രവുമായി ബന്ധിപ്പിക്കണം.
ഓരോ തദ്ധേശസ്ഥാപനങ്ങളും ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിക്കുന്ന ഉപകരണങ്ങള്‍ വാങ്ങണമെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഇതിനായി ഓരോ തദ്ധേശസ്ഥാപനങ്ങള്‍ക്കും ഫണ്ട് കൈമാറും. ഗ്രാമപഞ്ചായത്തുകള്‍ക്ക് ഒരു ലക്ഷം, മുന്‍സിപാലിറ്റികള്‍ക്ക് മൂന്നും കോര്‍പ്പറേഷനുകള്‍ക്ക് അഞ്ച് ലക്ഷം രൂപയുമാണ് ഇതിനായി അനുവദിക്കുക.
നഗരപ്രദേശങ്ങളില്‍ മഴക്കാലത്ത് രൂപപ്പെടുന്ന വെള്ളക്കെട്ട് ഒഴിവാക്കാന്‍ ഡ്രൈനേജ് സംവിധാനം വ്യത്തിയാക്കുന്ന പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മേഖലകളില്‍ ജനങ്ങള്‍ക്കിടയില്‍ ശക്തമായ ബോധവല്‍ക്കരണ കാംപെയിനും പരിശീലനവും നല്‍കുന്നതിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തന്നെ ആരംഭിക്കണമെന്ന നിര്‍ദേശവും യോഗത്തില്‍ മുഖ്യമന്ത്രി നല്‍കി.
അതേസമയം, കഴിഞ്ഞ ദിവസം മഴയ്‌ക്കിടെ ഉണ്ടായ ഇടിമിന്നലില്‍ ഇടുക്കിയില്‍ ഒരാള്‍ മരിച്ചിരുന്നു. ഇടുക്കി പൂപ്പാറ സ്വദേശിയായ രാജയാണ് (45) മരിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു രാജ മരിച്ചത്. കൂടാതെ മറ്റ് 13 പേര്‍ക്കും ഇടിമിന്നലില്‍ പരിക്കേറ്റിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇടിമിന്നലില്‍ നിന്നും രക്ഷനേടാന്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നിര്‍ദേശങ്ങളും സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്.
More Read : ഇടുക്കിയിൽ മിന്നലേറ്റ് ഒരു മരണം; നിരവധി പേർക്ക് പരിക്ക്