തിരുവനന്തപുരം: മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബർ 2 വരെ പരക്കെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു (Kerala Weather And Rain Updates).
29ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും 30ന് എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോടും ഒക്ടോബർ ഒന്നിന് എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.9 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു (National Oceanographic Centre). മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദേശം നൽകി. കടലാക്രമണ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്ന് നിർദേശമുണ്ട്. ശക്തമായ തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കാനും കർശന നിർദേശം നൽകി.
കിഴക്കൻ ഉത്തർപ്രദേശിന് മുകളിൽ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. തെലങ്കാനയ്ക്ക് മുകളിലും മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ആന്ധ്രാപ്രദേശ് തീരത്തിന് മുകളിലായും ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. സെപ്റ്റംബർ 29 -ഓടെ വടക്കൻ ആൻഡമാൻ കടലിനു മുകളിലായി ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ട്. തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ വടക്കൻ ആൻഡമാൻ കടലിനും മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. തുടർന്ന് പടിഞ്ഞാറ്, വടക്ക് - പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് വീണ്ടും ശക്തി പ്രാപിച്ചേക്കും.
അതേസമയം അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.