തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഫെബ്രുവരി നാല് വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ശ്രീലങ്കയിൽ കരകയറിയ തീവ്ര ന്യൂനമർദത്തിന്‍റെ സ്വാധീന ഫലമായാണ് മഴ തുടരുന്നത്.
ഈ തീവ്രന്യൂനമർദം അടുത്ത മണിക്കൂറുകളിൽ മാന്നാർ കടലിടുക്കിലേക്ക് പ്രവേശിക്കും. തെക്കൻ, മധ്യ ജില്ലകളിലാണ് കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുള്ളത്. മത്സ്യത്തൊഴിലാളികൾക്കും ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ഇന്ന് ഗൾഫ് ഓഫ് മന്നാർ, കന്യകുമാരി തീരം, തെക്കൻ തമിഴ്‌നാട് തീരം, കാരയ്ക്കൽ തീരം, പടിഞ്ഞാറൻ ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളിൽ 50 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. നാളെ കന്യകുമാരി തീരം അതിനോട് ചേർന്നുള്ള മാലിദ്വീപ് തീരം എന്നിവിടങ്ങളിൽ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളിൽ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.