തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റ മുന്നറിയിപ്പ് (Kerala Weather Update- Statewide Rain Warning). വരും മണിക്കൂറുകളില്‍ തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ട നേരിയ മഴക്ക് സാധ്യതയുണ്ട്. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും (Rain With Thunder) മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മുന്നറിയിപ്പുകളുള്ള ജില്ലകളില്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും സുരക്ഷിത മേഖലകളില്‍ തുടരണമെന്നും മുന്നറിയിപ്പുണ്ട്.
അതേസമയം ഇന്ന് സംസ്ഥാനത്ത് മഴ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടില്ല. ഇന്നലെ സംസ്ഥാനത്ത് 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് (Yellow Alert) പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലായിരുന്നു യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. സംസ്ഥാനത്ത് പരക്കെ മഴയുണ്ടാകുമെന്ന സൂചന നല്‍കിയ സാഹചര്യത്തില്‍ വരും മണിക്കൂറുകളില്‍ കൂടുതല്‍ മുന്നറിയിപ്പുകള്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്.
കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കില്ല. എന്നാല്‍ തീരപ്രദേശത്ത് കടല്‍ ക്ഷുഭിതമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കേരള തീരത്ത് 1.2 മുതല്‍ 1.8 മീറ്റര്‍ വരെ ഉയരത്തിലുള്ള തിരകളുണ്ടാകാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
കിഴക്ക് വടക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ സ്ഥിതി ചെയ്‌തിരുന്ന തീവ്ര ചുഴലിക്കാറ്റായ ഹമൂണ്‍ കഴിഞ്ഞ 6 മണിക്കൂറുകളില്‍ വടക്ക് പടിഞ്ഞാറന്‍ ദിശയിലേക്ക് സഞ്ചരിച്ച് ദുര്‍ബലമാവുകയും ചുഴലിക്കാറ്റായി മാറുകയും ചെയ്‌തു. വരും മണിക്കൂറുകളില്‍ വടക്ക് പടിഞ്ഞാറന്‍ ദിശയിലേക്കുള്ള ചുഴലിക്കാറ്റിന്‍റെ സഞ്ചാരം തുടരുമെന്നും ന്യൂനമര്‍ദ്ദമായി ദുര്‍ബലപ്പെടുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.