തിരുവനന്തപുരം: ഗവര്‍ണര്‍ രൂക്ഷമായി വിമര്‍ശിച്ച സംഭവത്തില്‍ വിശദീകരണവുമായി കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. വി.പി മഹാദേവന്‍പിള്ള. മനസ് പതറുമ്പോള്‍ കൈവിറച്ചു പോകുന്ന സാധാരണത്വം ഒരു കുറവായി കാണുന്നില്ല. ജീവിതത്തിന്‍റെ ഗ്രാമറും സ്‌പെല്ലിങും തെറ്റാതിരിക്കാന്‍ താന്‍ പരാമവധി ജാഗരൂകനാണെന്നും അദ്ദേഹം പ്രസ്‌താവനയില്‍ വ്യക്തമാക്കി.
ALSO READ: കൊവിഡ് രോഗികള്‍ ഗണ്യമായി കൂടുന്നു, അനാവശ്യ യാത്ര ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രി
ഗുരുഭൂതന്‍മാരുടെ നല്ല പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പരാമവധി ശ്രദ്ധിക്കാറുണ്ട്. കൂടുതല്‍ പ്രതികരണത്തിനില്ലെന്നും വി.സി പറഞ്ഞു. കേരള സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതിക്ക് ഡി-ലിറ്റ് നല്‍കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. അതിന് വിയോജിപ്പ് രേഖപ്പെടുത്തിയുള്ള കുറിപ്പ് വെളളക്കടലാസില്‍ നല്‍കിയ ശേഷമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ വി.സിയെ വിമര്‍ശിച്ചത്.
ഒരു കത്തുപോലും നേരെ എഴുതാനറിയാത്ത ആളാണോ സര്‍വകലാശാല വി.സി. നടപടിയുണ്ടാകുമെന്നും ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കുകയുണ്ടായി. പിന്നാലെയാണ് വി.സിയുടെ മറുപടി.
എന്താണ് ഡി ലിറ്റ് വിവാദം
രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഡി ലിറ്റ് നൽകണമെന്ന് കേരള സർവകലാശാല വിസി ഡോ. വി പി മഹാദേവൻപിള്ളയോട് ആവശ്യപ്പെട്ടതും ഇത് വിസി നിരസിച്ചതുമാണ് വിവാദം. 2021 ഡിസംബർ 21ന് കേരളത്തിലെത്തിയ രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകണമെന്ന് രാഷ്ട്രപതി എത്തുന്നതിനും ഒരാഴ്‌ചമുമ്പ് ഫോണിലാണ് ഗവർണർ കേരള വിസിയോട് ആവശ്യപ്പെട്ടത്. ഡി ലിറ്റ് നൽകാനുള്ള ചട്ടങ്ങൾ പൂർത്തിയാക്കാൻ ഈ സമയം പോരെന്നും ഇത് ലംഘിച്ച് ഡി ലിറ്റ് നൽകുന്നത് അനുചിതമാകുമെന്നും വിസി അറിയിച്ചു.
ഡി ലിറ്റ് നൽകേണ്ടത് സർവകലാശാല സെനറ്റാണ്. നടപടിക്രമങ്ങളുടെ ഭാഗമായി സെനറ്റ് യോഗം ചേർന്ന് ബിരുദദാനം തീരുമാനിക്കുകയും ഇത് അവാർഡ് ചെയ്യാൻ വീണ്ടും സെനറ്റ് ചേരേണ്ടതുമുണ്ട്. ഡി ലിറ്റ് നൽകുംമുമ്പ് രാഷ്ട്രപതിഭവന്റെയും അനുമതി വേണം. രാഷ്ട്രപതി രാംനാഥ് കോവിന്ദ് നേരത്തേ പഞ്ചാബിലെ സർവകലാശാലയുടെ ഡി ലിറ്റ് നിരസിച്ചിട്ടുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് വിസി നിയമപ്രശ്‌നങ്ങൾ ഗവർണറെ അറിയിച്ചത്.
ഇക്കാര്യം വെള്ളക്കടലാസില്‍ എഴുതി നല്‍കാൻ ഗവര്‍ണര്‍ വി.സിയോട് ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് വി.സി പ്രൊഫ. വി.പി മഹാദേവൻ പിള്ള ഗവര്‍ണര്‍ക്ക് രേഖാമുലം എഴുതി കൊടുത്തു. മറുപടിയായി വിസി തനിക്കു നൽകിയ കത്തിലെ ഭാഷ കണ്ട് ഞെട്ടിയെന്ന് ഗവർണർ മാധ്യമങ്ങളോട് 2022 ജനുവരി 10ന് പറഞ്ഞു. ഞെട്ടലിൽനിന്ന് മോചിതനാകാൻ 10 മിനിറ്റെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ പ്രതികരണത്തിനാണ് വി.സി ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുന്നത്.