തിരുവനന്തപുരം: കേരള സർവകലാശാല പരീക്ഷാ കൺട്രോളറായി ഡോ.എം.ഗോപകുമാറിനെയും ഫിനാൻസ് ഓഫീസറായി മഹാദേവനെയും നിയമിച്ചു. സിൻഡിക്കേറ്റ് യോഗത്തിന്‍റേതാണ് തീരുമാനം. അതേസമയം യൂണിവേഴ്സിറ്റി മോഡറേഷൻ തിരിമറി സോഫ്റ്റ് വെയറിലെ തകരാറുമൂലമെന്ന വിദഗ്ദസമിതി റിപ്പോർട്ടും ഇന്ന് യോഗം ചര്‍ച്ച ചെയ്യും. ബോധപൂർവ്വം കൃത്രിമം നടന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കം. പരീക്ഷ വിഭാഗം സോഫ്റ്റ് വെയറും മൂന്നുവർഷത്തെ രേഖകളും സമിതി പരിശോധിച്ചിരുന്നു.
സോഫ്റ്റ് വെയർ തകരാറാണോ ബോധപൂർവ്വം തിരിമറി നടത്തിയതാണോ എന്നാണ് സമിതി പ്രധാനമായും പരിശോധിച്ചത്. പരിശോധനയിൽ ചില പരീക്ഷകളുടെ മോഡറേഷൻ മാർക്ക് കുറഞ്ഞതായും കണ്ടെത്തി. യൂസർ ഐഡി ഉപയോഗിച്ച് തിരിമറി നടത്തിയതിന് കൂടുതൽ തെളിവില്ല. അതേ സമയം ജീവനക്കാർക്ക് ജാഗ്രത കുറവുണ്ടായതായും സമിതി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു . റിപ്പോർട്ട് ചർച്ച ചെയ്യാനായി യൂണിവേഴ്സറ്റി സിൻഡിക്കേറ്റ് യോഗം പുരോഗമിക്കുകയാണ്. വിദഗ്ദ സമിതി റിപ്പോർട്ട് സിൻഡിക്കേറ്റിന് കൈമാറിയിരുന്നു. തുടർ നടപടികളെ കുറിച്ചും സിന്‍ഡിക്കേറ്റ് ചര്‍ച്ച ചെയ്യും.