തിരുവനന്തപുരം : മഹാനിഘണ്ടു മേധാവി നിയമനത്തില്‍ വിശദീകരണവുമായി കേരള സര്‍വകലാശാല. ഡോ.പൂര്‍ണിമ മോഹനന്‍റെ നിയമനം താത്കാലികമാണെന്ന് സർവകലാശാല അറിയിച്ചു. സ്ഥിര നിയമനത്തിനായുള്ള നടപടികള്‍ പി.എസ്.സിയില്‍ പുരോഗമിക്കുകയാണ്.
Also Read: മുഖ്യമന്ത്രിയുടെ ഓഫിസ് സ്റ്റാഫിന്‍റെ ഭാര്യയുടെ നിയമനം വിവാദത്തില്‍ ; ഗവര്‍ണര്‍ക്ക് പരാതി
വിദഗ്‌ധര്‍ അടങ്ങുന്ന സെലക്ഷന്‍ കമ്മിറ്റിയാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. വ്യവസ്ഥകള്‍ പാലിച്ചിട്ടുണ്ടെന്നും യോഗ്യതയുടെ അടിസ്ഥാനത്തിലാണ് നിയമനമെന്നും വിശദീകരണ കുറിപ്പിലൂടെ സര്‍വകലാശാല അറിയിച്ചു.
മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയും നിലവില്‍ ഓഫിസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയുമായ ആര്‍. മോഹനന്‍റെ ഭാര്യ ഡോ. പൂര്‍ണിമ മോഹനന്‍റെ നിയമനമാണ് വിവാദമായത്.
സംസ്‌കൃത അധ്യാപികയെ ചട്ടങ്ങള്‍ ലംഘിച്ച് കേരള സര്‍വകലാശാലയുടെ മലയാള മഹാനിഘണ്ടു മേധാവിയാക്കിയെന്നാണ് ആരോപണം. വിഷയത്തിൽ സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. കാലടി സര്‍വകലാശാലയിലെ സംസ്‌കൃത വിഭാഗം അധ്യാപികയാണ് പൂര്‍ണിമ മോഹനൻ.
സര്‍വകലാശാലയിലെ മുതിര്‍ന്ന മലയാളം പ്രൊഫസര്‍മാരെ ഒഴിവാക്കി സംസ്‌കൃത അധ്യാപികയെ നിയമിച്ചത്, മലയാള ഭാഷാ പ്രാവീണ്യമുള്ളവരെ നിയോഗിക്കണമെന്ന സ്റ്റാറ്റ്യൂട്ടിന് വിരുദ്ധമായാണെന്നാണ് പരാതി. പൂര്‍ണിമ മോഹന്‍ മാത്രമാണ് തസ്‌തികയിലേക്ക് അപേക്ഷിച്ചതെന്നായിരുന്നു സര്‍വകലാശാലയുടെ മുന്‍ വിശദീകരണം.