തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് ആവേശകരമായ തുടക്കം. 3000 മീറ്റർ ഓട്ട മത്സരത്തോടെയാണ് മേളയ്ക്ക് തുടക്കമായത്. ചന്ദ്രശേഖർ നായർ സ്‌റ്റേഡിയo, യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയo എന്നിവിടങ്ങളിലായി ഡിസംബര്‍ ആറ് വരെയാണ് മത്സരങ്ങൾ നടക്കുക.
14 ജില്ലകളിൽ നിന്ന് 2737 താരങ്ങൾ മത്സരങ്ങളിൽ പങ്കെടുക്കും. മത്സരത്തിനായി എത്തുന്ന വിദ്യാർഥികൾക്ക് താമസം, യാത്ര സൗകര്യം, ഭക്ഷണം തുടങ്ങിയ ഒരുക്കങ്ങളെല്ലാം പൂർത്തിയായി കഴിഞ്ഞു. ഒരു തരത്തിലും പരാതിയുയരാത്ത ക്രമീകരണങ്ങളാണ് ഇത്തവണത്തെ കായികോത്സവത്തിലുണ്ടാകുക.
ഇന്ത്യയിൽ ആദ്യമായി ഫ്ലഡ് ലൈറ്റ് വെളിച്ചത്തിൽ രാത്രിയും മത്സരങ്ങൾ നടക്കുമെന്നതാണ് ഇത്തവണത്തെ കായികോത്സവത്തിന്‍റെ സവിശേഷത. കൃത്യമായ ഷെഡ്യൂളോടെ രണ്ട് സ്‌റ്റേഡിയത്തിലുമായാണ് മത്സരം നടക്കുക. യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തിൽ ത്രോ ഐറ്റംസുകൾ, ഹാമർ, ഷോട്ട്പുട്ടുകൾ എന്നിവ നടക്കും.
പ്രാധാന വേദിയായ ചന്ദ്രശേഖർ നായർ സ്‌റ്റേഡിയത്തിൽ ജാവലിൻ ത്രോ, ട്രാക്ക് ഐറ്റംസ്, ജംപ് ഐറ്റംസ് എന്നിവ നടക്കും. സ്‌റ്റേഡിയത്തിൽ രണ്ട് ഫിസിയോ തെറാപ്പിസ്‌റ്റുകളുടെ സൗകര്യത്തിന് പുറമെ ആയുർവേദം, അലോപ്പതി വിഭാഗങ്ങളുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ കായിക മേളയുടെ ഔദ്യോഗിക ഉദ്ഘാടനം വൈകുന്നേരം നിർവഹിക്കും.