തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ പൊതു ബജറ്റ് ഇന്ന് രാവിലെ ഒമ്പതിന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കും. ബാലഗോപാല്‍ ധനമന്ത്രിയായ ശേഷം അവതരിപ്പിക്കുന്ന രണ്ടാമത്തെ സമ്പൂര്‍ണ ബജറ്റാണിത്. സംസ്ഥാന ചരിത്രത്തിലെ ഉയര്‍ന്ന വളര്‍ച്ച നിരക്കാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഉണ്ടായതെന്ന് ഇന്നലെ നിയമസഭയില്‍ സമര്‍പ്പിച്ച സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ വളര്‍ച്ചാ നിരക്ക് കൂടുതല്‍ ഉയരത്തിലേക്ക് നയിക്കുന്ന തരത്തിലുള്ള നടപടികള്‍ ബജറ്റില്‍ ഉണ്ടാകും.
വായ്‌പ എടുക്കുന്നതിനും ജിഎസ്‌ടി വിഹിതം നല്‍കുന്നതിനും കേന്ദ്രം കൂടുതല്‍ കര്‍ശന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്താന്‍ തയാറാകുന്ന സാഹചര്യത്തില്‍ ബദല്‍ ധനാഗമ മാര്‍ഗങ്ങള്‍ക്കുള്ള വഴി ബജറ്റ് തേടുമെന്നുറപ്പാണ്. സര്‍ക്കാരിന് സ്വന്തം നിലയില്‍ വരുമാനമുണ്ടാക്കാന്‍ കഴിയുന്ന മേഖലകള്‍ കുറവാണെന്ന തിരിച്ചറിവില്‍ കൂടിയായിരിക്കും ഇത്.
എങ്കിലും ഫീസുകള്‍ പോലുള്ള ധനാഗമ മാര്‍ഗങ്ങള്‍ കൂടുതല്‍ ഉയര്‍ത്താന്‍ തയാറായാല്‍ അത്ഭുതപ്പെടേണ്ടതില്ല. ഇന്ത്യയില്‍ തന്നെ മദ്യത്തിന് ഏറ്റവും വില കൂടിയ സംസ്ഥാനം എന്ന നിലയില്‍ മദ്യ വില ഉയര്‍ത്താനുള്ള സാധ്യതയില്ല. ചിലപ്പോള്‍ നേരിയ തോതില്‍ മദ്യവില ഉയര്‍ത്തിയാലും അത്ഭുതപ്പെടാനില്ല. ക്ഷേമ പെന്‍ഷനുകളില്‍ നേരിയ വര്‍ധനനയ്ക്ക് സാധ്യത തള്ളിക്കളയാനാകില്ല.
അടിസ്ഥാന വികസസനം, മത്സ്യ ബന്ധനം, തുറമുഖം, പൊതു ഗതാഗത മാര്‍ഗങ്ങള്‍ എന്നിവയ്ക്ക് കൂടുതല്‍ തുക വകയിരുത്തിയേക്കും. കെഎസ്‌ആര്‍ടിസി പെന്‍ഷന്‍ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ദീര്‍ഘകാലമായി ആവശ്യപ്പെട്ടുവരികയാണെങ്കിലും അതിനും സാധ്യതയില്ല. എന്നാല്‍ കെഎസ്ആര്‍ടിസിക്ക് പ്രത്യേകം തുക വകയിരുത്തിയേക്കും.
കൊവിഡിന് ശേഷം ടൂറിസം രംഗം പഴയ അവസ്ഥയിലേക്ക് കുതിക്കുന്ന പശ്ചാത്തലത്തില്‍ ടൂറിസം ഉത്തേജന പാക്കേജുകള്‍ പ്രതീക്ഷിക്കാം. തകര്‍ച്ച നേരിടുന്ന റബര്‍, തേയില, കാപ്പി തുടങ്ങിയ തോട്ടം മേഖലകളുടെ ഉത്തേജനത്തിന് ബജറ്റില്‍ സ്ഥാനമുണ്ടാകുമോ എന്നത് പ്രധാനമാണ്.
കേന്ദ്ര സര്‍ക്കാരിന്‍റെ അംഗീകാരം ലഭിച്ച ശേഷമേ കെ-റെയിലുമായി മുന്നോട്ടു പോകൂ എന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ കെ-റെയിലിന് പ്രത്യേക തുക വകയിരുത്താനിടയില്ല. കൊച്ചി മെട്രോ റെയില്‍ രണ്ടാം ഘട്ടം, ശബരി വിമാനത്താവളം, ശബരി റെയില്‍പാതയ്ക്ക് സ്ഥലം ഏറ്റെടുക്കല്‍ എന്നിവയ്ക്ക് ബജറ്റില്‍ പണം വകയിരുത്തിയേക്കും.