തിരുവനന്തപുരം: 62ാം സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് കൊല്ലം വേദിയാകും. സംസ്ഥാന സ്‌കൂൾ കായിക മേള തൃശൂരും ശാസ്ത്രമേള തിരുവനന്തപുരത്തുമാണ് നടക്കുക. ടിടിഐ കലോത്സവത്തിന് പാലക്കാട് വേദിയാകും. സ്‌കൂൾ കലോത്സവം ജനുവരിയിലും കായിക മേള ഒക്ടോബറിലും സ്പെഷ്യൽ സ്‌കൂൾ മേള നവംബറിലും ശാസ്ത്രമേള ഡിസംബറിലുമാണ് നടക്കുക. ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ കലോത്സവത്തിന് എറണാകുളത്ത് വേദിയൊരുങ്ങും.
പൊതുവിദ്യാഭ്യാസ ഡയറക്‌ടർ വിളിച്ച് ചേർത്ത യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. എന്നാൽ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. മേളയുടെ തീയതിയും മറ്റ് വിശദാംശങ്ങളും വൈകാതെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
കഴിഞ്ഞ വര്‍ഷം ആതിഥേയരായി കോഴിക്കോട്: കഴിഞ്ഞ വർഷത്തെ സംസ്ഥാന സ്‌കൂൾ കലോത്സവം അരങ്ങേറിയത് കോഴിക്കോടായിരുന്നു. ജനുവരി മൂന്നിനായിരുന്നു കലോത്സവം. കഴിഞ്ഞ വര്‍ഷം കലോത്സവത്തിൽ സ്വർണ കിരീടത്തിൽ മുത്തമിട്ടതും കോഴിക്കോടായിരുന്നു. 945 പോയിന്‍റോടെയാണ് കോഴിക്കോട് തങ്ങളുടെ 20-ാം കിരീടം കഴിഞ്ഞ വർഷം സ്വന്തമാക്കിയത്.
രണ്ടാം സ്ഥാനത്തിനായി അവസാന നിമിഷം വരെ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു നടന്നത്. ഒടുവിൽ 925 പോയിന്‍റുമായി കണ്ണൂരും പാലക്കാടും രണ്ടാം സ്ഥാനം പങ്കിട്ടു. കലോത്സവത്തിന്‍റെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയനും സമാപനം സമ്മേളനം ഉദ്‌ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായിരുന്നു നിർവഹിച്ചത്. ഗായിക കെ.എസ് ചിത്രയായിരുന്നു ചടങ്ങിൽ മുഖ്യാതിഥിയായെത്തിയത്.
പതിനായിര കണക്കിന് ആളുകളാണ് കലോത്സവം കാണാൻ വേദികളിലേക്ക് ഒഴുകിയെത്തിയത്. കഴിഞ്ഞ തവണ കലോത്സവത്തിന് നോൺ-വെജ് ഭക്ഷണം ഒരുക്കാത്തതിന്‍റെ പേരിൽ വലിയ വിവാദം ഉയർന്നിരുന്നു. മേളയിൽ ഇപ്പോഴും വെജിറ്റേറിയൻ വിളമ്പുന്നതിനെ ചൊല്ലിയുള്ള വിവാദത്തിനിടെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അടുത്ത കലോത്സവം മുതൽ ഭക്ഷണത്തിൽ മത്സ്യവും മാംസവും ഉൾപ്പെടുത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു. പാചക വിദഗ്‌ധൻ പഴയിടം മോഹനൻ നമ്പൂതിരിയാണ് തുടർച്ചയായി സ്‌കൂൾ കലോത്സവങ്ങൾക്ക് ഭക്ഷണം ഒരുക്കുന്നത്.