തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടര്‍ന്നേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാളെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ട്. തെക്കന്‍, മധ്യ കേരളത്തിലെ കിഴക്കന്‍ മേഖല എന്നിവിടങ്ങളില്‍ കൂടുതല്‍ മഴ ലഭിച്ചേക്കും.
ബംഗാള്‍ ഉള്‍ക്കടലില്‍ നിലനില്‍ക്കുന്ന തീവ്ര ന്യൂനമര്‍ദത്തിന്‍റെ സ്വാധീനമായാണ് മഴ. ഈ പശ്ചാത്തലത്തില്‍ കേരള തീരത്ത് മത്സ്യബന്ധനത്തിന് പോയവരോട് മടങ്ങിയെത്താന്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട തീവ്ര-ന്യൂനമർദത്തിന്‍റെ സ്വാധീനം കന്യാകുമാരി തീരം വരെ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അടുത്ത മണിക്കൂറുകളിൽ ഈ തീവ്രന്യൂനമർദം ശ്രീലങ്കൻ തീരത്ത് കരയിൽ പ്രവേശിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. പിന്നീട് ഇത് കന്യാകുമാരി കടലിലേക്ക് എത്തുമെങ്കിലും കൂടുതൽ ശക്തിപ്രാപിക്കാൻ സാധ്യതയില്ല. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പിൽ മാറ്റം വരുന്നത് വരെ കേരള തീരത്ത് നിന്ന് ആരും മൽസ്യബന്ധനത്തിന് പോകാൻ പാടില്ലെന്നാണ് നിർദേശം.