തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ തുടരും. നാല് ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു (Rain Alert In Kerala). എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത് (Today Rain Alert).
നാളെ (നവംബര്‍ 22) പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വരുന്ന മൂന്ന് ദിവസത്തേക്ക് കൂടി സംസ്ഥാനത്ത് പരക്കെ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ തുടരാനാണ് സാധ്യത. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റും വീശിയേക്കും (Weather Update In Kerala).
കൂടാതെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്കും സാധ്യതയുണ്ട്. കടല്‍ പ്രക്ഷുബ്‌ദമാകാന്‍ സാധ്യതയില്ലാത്തതിനാല്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടില്ല.
കോമോറിൻ മേഖലയ്ക്ക് മുകള്‍ ഭാഗത്തായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ടെന്നും ബംഗാൾ ഉൾക്കടലിൽ നിന്ന് ശക്തമായ വടക്ക്-കിഴക്കൻ കാറ്റ് തെക്ക്-കിഴക്കൻ ഇന്ത്യയിലേക്ക് വീശുന്നുണ്ടെന്നും ഇതിന്‍റെ സ്വാധീന ഫലമായാണ് കേരളത്തില്‍ മഴയ്ക്ക് സാധ്യതയുള്ളതെന്നുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചത്.
ഇടിമിന്നല്‍ മുന്നറിയിപ്പ്, കരുതിയിരിക്കാം...
- ഇടിമിന്നലിന്‍റെ ആദ്യ ലക്ഷണം കണ്ടാല്‍ ഉടന്‍ സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറേണ്ടതാണ്. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.
- ശക്തമായ മഴയ്‌ക്കൊപ്പം കാറ്റും ഇടിമിന്നലും ഉണ്ടാകാന്‍ സാധ്യതയുള്ള സാഹചര്യങ്ങളില്‍ വീടുകളില്‍ ജനലുകളും വാതിലുകളും അടച്ചിടുകയും അവയ്‌ക്കരികില്‍ നില്‍ക്കാതിരിക്കുകയും ചെയ്യുക.
- ഇടിമിന്നല്‍ സമയങ്ങളില്‍ ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഒഴിവാക്കുകയും ചെയ്യുക.
- ഇടിമിന്നലുണ്ടാകുന്ന സമയങ്ങളില്‍ ടെലിഫോണ്‍ ഉപയോഗം ഒഴിവാക്കാന്‍ ശ്രമിക്കണം.
- മഴയും ഇടിമിന്നലുമുണ്ടാകുന്ന സാഹചര്യങ്ങളില്‍ വൃക്ഷങ്ങള്‍ക്ക് ചുവട്ടില്‍ അഭയം പ്രാപിക്കരുത്. മരച്ചുവട്ടില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാതിരിക്കുക. ഇത്തരം സന്ദര്‍ഭങ്ങളില്‍ വാഹനത്തിനുള്ളില്‍ തുടര്‍ന്നാലും കയ്യും കാലും പുറത്തിടരുത്.
- സൈക്കിള്‍, ബൈക്ക്, ട്രാക്‌ടര്‍ എന്നിവയിലെ യാത്രകള്‍ പരമാവധി ഒഴിവാക്കണം.
- കാറ്റില്‍ മറിഞ്ഞ് വീഴാന്‍ സാധ്യതയുള്ള വസ്‌തുക്കള്‍ കെട്ടിവയ്ക്കുക.
- ഇടിമിന്നലുള്ള സമയത്ത് കുളിക്കരുത്. ടാപ്പുകളില്‍ നിന്ന് വെള്ളം ശേഖരിക്കുന്നത് ഒഴിവാക്കുക. കാരണം പൈപ്പിലൂടെ മിന്നല്‍ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം. ഇത് അപകടത്തിന് കാരണമാകും.
- ഇടിമിന്നല്‍ സമയത്ത് ജലാശയങ്ങളില്‍ കുളിക്കുന്നതിനോ മീന്‍ പിടിക്കുന്നതിനോ ഇറങ്ങാന്‍ പാടില്ല.
- ഇടിമിന്നലുള്ളപ്പോള്‍ ബോട്ടിന്‍റെ ഡെക്കില്‍ നില്‍ക്കരുത്.
- ഇടിമിന്നലുള്ളപ്പോള്‍ മൃഗങ്ങളെ തുറസായ സ്ഥലങ്ങളില്‍ കെട്ടിയിടരുത്
Also Read: മരണം പതിയിരിക്കുന്ന ജലാശയങ്ങള്‍ ; ഇടുക്കിയിലെ മരണച്ചുഴികളില്‍ ഇക്കൊല്ലം പൊലിഞ്ഞത് 22 പേര്‍