തിരുവനന്തപുരം : കേരള പൊലീസിന്‍റെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്യപ്പെട്ടു. മൂന്ന് ക്രാക്ക് വീഡിയോകള്‍ ഹാക്കര്‍മാര്‍ ചാനലില്‍ പോസ്റ്റ് ചെയ്‌തിട്ടുണ്ട്. യൂട്യൂബ് ചാനല്‍ വീണ്ടെടുക്കാന്‍ സൈബര്‍ ഡോം ശ്രമം തുടങ്ങിയതായി കേരള പൊലീസ് അറിയിച്ചു.
ഇന്നലെ രാത്രി 1.30ഓടുകൂടിയാണ് പേജ് ഹാക്ക് ചെയ്‌തത്. കേരള പൊലീസിന്‍റെ ഗൂഗിള്‍ അക്കൗണ്ട് അടക്കം ലോഗ്ഔട്ട് ആയിപ്പോവുകയും ചെയ്‌തു. ഹാക്ക് ചെയ്‌തതിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തുവാനുള്ള ശ്രമം പൊലീസ് ആരംഭിച്ചു കഴിഞ്ഞു.
ഡാവിഞ്ചി റിസോൾവ് 18 ക്രാക്ക്, ക്ലീനർ പ്രോ ക്രാക്ക് ലേറ്റസ്റ്റ് വേർഷൻ, ഓട്ടോ ഡെസ്‌ക് 3 ഡി എസ് മാക്‌സ് എന്നിങ്ങനെ മൂന്ന് വീഡിയോകളാണ് യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്‌തിരിക്കുന്നത്. അവസാനം പോസ്റ്റ് ചെയ്‌ത വീഡിയോയിൽ ഗുഡ് ലക്ക് ആൻഡ് ഹാവ് എ നൈസ് ഡേ എന്ന് ഡിസ്ക്രിപ്ഷൻ കൊടുത്തിട്ടുണ്ടായിരുന്നു. ഒരു വീഡിയോ അപ്‌ലോഡ് ചെയ്‌തു ഒരു മണിക്കൂറിന് ശേഷമാണ് മറ്റു രണ്ട് വീഡിയോയും അപ്‌ലോഡ് ചെയ്‌തത്.
ഇന്ന് രാവിലെ നാല് മണിയോടു കൂടിയാണ് വീഡിയോകൾ അപ്‌ലോഡ് ചെയ്‌തത്. 2,71,000 സബ്‌സ്‌ക്രൈബേഴ്‌സുള്ള കേരള പൊലീസ് ഒഫീഷ്യൽ യൂട്യൂബ് ചാനലിൽ വീഡിയോ അപ്‌ലോഡ് ചെയ്‌ത് പത്ത് മണിക്കൂറിനുള്ളിൽ തന്നെ മൂവായിരത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്. മൂന്ന് വീഡിയോകളുടെയും കമന്‍റ് ബോക്‌സുകൾ ഓഫ് ചെയ്‌തു വച്ചിട്ടുണ്ടായിരുന്നു.
വീഡിയോ അപ്‌ലോഡ് ചെയ്‌ത് 11 മണിക്കൂർ കഴിഞ്ഞിട്ടും യൂട്യൂബ് പേജിൽ നിന്ന് വീഡിയോ പോയിട്ടില്ല.