തിരുവനന്തപുരം: കേരളത്തിന് ഇന്ന് 66മത് ജന്മദിനം. ഭാഷാടിസ്ഥാനത്തില്‍ നമ്മുടെ സംസ്ഥാനം രൂപം കൊണ്ടത് 1956 നവംബര്‍ ഒന്നിന്. ഏത് പ്രതിസന്ധിയേയും ജാതി - മത മതില്‍കെട്ടുകള്‍ പൊളിച്ച് ഒന്നായി നേരിട്ട കേരളം കൂടുതല്‍ ഐക്യത്തോടെ ഒറ്റക്കെട്ടായി മുന്നോട്ട് പോകാൻ ഈ പിറന്നാള്‍ ദിനം ആവേശം പകരുന്നു.
മലയാള ഭാഷയുടെ അടിസ്ഥാനത്തില്‍ തിരുവിതാംകൂര്‍, കൊച്ചി മലബാര്‍ ദേശങ്ങള്‍ എന്നിവ ഒത്തുചേര്‍ന്നാണ് കേരളം രൂപം കൊണ്ടത്. മലനിരകളും തീരപ്രദേശങ്ങളും നിറഞ്ഞ് നില്‍ക്കുന്ന കേരളത്തില്‍ കാലാവസ്ഥ കൂടി ചേര്‍ന്നപ്പോഴാണ് ദൈവത്തിന്‍റെ സ്വന്തം നാടെന്ന വിശേഷണവും കേരളത്തിന് ലഭിച്ചത്.
1955 സെപ്‌റ്റംബറില്‍ സംസ്ഥാന പുനസംഘടന കമ്മിഷന്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് കൈമാറി. അതില്‍ കേരളത്തെ ഒരു സംസ്ഥാനമാക്കി മാറ്റാനുള്ള ശുപാര്‍ശയുമുണ്ടായിരുന്നു. റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തി 13 മാസങ്ങള്‍ പിന്നിട്ടപ്പോഴാണ് കേരളത്തെ ഉള്‍പ്പെടുത്തിയുള്ള ഇന്ത്യയുടെ ഭൂപടം തയ്യാറാക്കിയത്.
രൂപീകരണ സമയത്ത് കേരളത്തില്‍ വെറും അഞ്ച് ജില്ലകളാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂറിലെ തോവാളം, അഗസ്തീശ്വരം, കല്‍ക്കുളം, വിളവങ്കോട് എന്നീ നാലു താലൂക്കുകളും ചെങ്കോട്ടത്താലൂക്കിന്‍റെ ഒരു ഭാഗവും വേര്‍പെടുത്തി മദിരാശിയോട് ചേര്‍ത്തു. ബാക്കിയുള്ള തിരുവിതാംകൂര്‍ കൊച്ചിയോടും മലബാര്‍ ജില്ലയെ തെക്കന്‍ കാനറ ജില്ലയിലെ കാസര്‍കോട് താലൂക്കിലേക്കും ചേര്‍ത്തു. എന്നാല്‍ കന്യാകുമാരി കേരളത്തിന് നഷ്‌ടപ്പെടുകയും ഗൂഡല്ലൂര്‍ ഒഴികെയുള്ള മലബാര്‍ പ്രദേശം കേരളത്തിലേക്ക് കൂട്ടിച്ചേര്‍ക്കുകയും ചെയ്‌തു.
കേരള പിറവിക്ക് ശേഷം 1957 ഫെബ്രുവരി 28നായിരുന്നു ആദ്യ പൊതു തെരഞ്ഞെടുപ്പ്. ആ തെരഞ്ഞെടുപ്പില്‍ ഇഎംഎസ് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. അതോടെയാണ് തിരു കൊച്ചി, തിരുവിതാംകൂര്‍ രാജവംശങ്ങളുടെ ഭരണത്തിന് കേരളത്തില്‍ അറുതിയായത്. ഇഎംഎസ് സര്‍ക്കാര്‍ കേരളത്തിന് സമ്മാനിച്ചത് സമാധാനപരമായ ഭരണമായിരുന്നു.