തിരുവനന്തപുരം: സംസ്ഥാനത്ത് എത്തുന്ന അതിഥി തൊഴിലാളികളെ രജിസ്‌ട്രേഷന് വിധേയമാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. അതിന് ആവശ്യമായ നിയമം കേരളത്തിൽ കൊണ്ടുവരുന്ന കാര്യം പരിഗണനയിലാണ്.
നിരവധി അതിഥി തൊഴിലാളികൾ ഇപ്പോൾ കേരളത്തിലേക്ക് കുടിയേറിക്കൊണ്ടിരിക്കുകയാണെന്നും തൊഴില്‍ വകുപ്പ് മന്ത്രി കൂടിയായ വി ശിവന്‍കുട്ടി വാർത്ത കുറിപ്പില്‍ പറഞ്ഞു.
ആലുവയില്‍ അഞ്ച് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിലായ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന വലിയ കുറ്റകൃത്യങ്ങളില്‍ പ്രതിസ്ഥാനത്ത് അതിഥി തൊഴിലാളികൾ വരുന്നുണ്ട്. ഇതുകൂടെ കണക്കിലെടുത്താണ് സംസ്ഥാനത്ത് അതിഥി തൊഴിലാളി രജിസ്ട്രേഷൻ നടപടിക്കായി സർക്കാർ ഒരുങ്ങുന്നത്.
നിലവിൽ ആവാസ് ഇൻഷൂറൻസ് കാർഡ് അതിഥി തൊഴിലാളികൾക്കായി ഏർപ്പെടുത്തിയിട്ടുണ്ട്. അഞ്ച് ലക്ഷത്തിൽപ്പരം അതിഥി തൊഴിലാളികൾ ഇതുവഴി രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ഇതിൽ രജിസ്റ്റർ ചെയ്യാത്ത തൊഴിലാളികളെ കണ്ടെത്തി പേര് ചേര്‍ക്കാനുള്ള നടപടികൾ തൊഴിൽ വകുപ്പ് കൈക്കൊള്ളും. നിലവിലെ നിയമപ്രകാരം കോൺട്രാക്‌ടര്‍ മുഖേന അഞ്ചോ അതിലധികമോ അതിഥി തൊഴിലാളികളെ ജോലി ചെയ്യിക്കാൻ മാത്രമേ ലേബർ ഓഫിസിൽ രജിസ്റ്റർ ചെയ്യേണ്ടതുള്ളൂ. നിലവിൽ അന്തർ സംസ്ഥാന കുടിയേറ്റ തൊഴിലാളി നിയമം 1979നെ ആണ് ഇക്കാര്യത്തിൽ ആശ്രയിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
'ക്ലിയറൻസ് സർട്ടിഫിക്കറ്റിന്‍റെ കാര്യം പരിശോധിക്കും': നിലവിലെ രീതിയിൽ മാറ്റം വരുത്തി ഓരോ തൊഴിലാളിയും രജിസ്റ്റർ ചെയ്യേണ്ട സാഹചര്യമുണ്ടാക്കും. സംസ്ഥാനത്ത് എത്തുന്ന അതിഥി തൊഴിലാളികൾക്ക് അതത് സംസ്ഥാനങ്ങളിലെ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനാകുമോ എന്ന കാര്യം പരിശോധിക്കും. അതിഥി തൊഴിലാളികളെ കുറിച്ചുള്ള സമഗ്ര വിവരങ്ങൾ ഉൾകൊള്ളുന്ന, രജിസ്റ്റർ ചെയ്യാനുള്ള അതിഥി ആപ്പ് അടുത്ത മാസം പുറത്തിറക്കും.
ഇതുമായി ബന്ധപ്പെട്ട് വ്യാപകമായ പ്രചാരണ പ്രവർത്തനങ്ങൾ നടത്തും. തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ ലേബർ ക്യാമ്പുകളിലും തൊഴിൽ പരിസരങ്ങളിലും നേരിട്ടെത്തി അതിഥി ആപ്പിൽ ഓരോ തൊഴിലാളിയെ കൊണ്ടും രജിസ്റ്റർ ചെയ്യിപ്പിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
കണ്ണീരോര്‍മയായി കുരുന്ന്: ലൈംഗിക പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട അഞ്ചുവയസുകാരിക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയേകി ആലുവ. മൃതദേഹം കീഴ്‌മാട് പൊതുശ്‌മശാനത്തില്‍ സംസ്‌കരിച്ചു. കുട്ടി പഠിച്ചിരുന്ന തായിക്കാട്ടുകര എൽപി സ്‌കൂളില്‍ പൊതുദർശനത്തിനുവച്ച ശേഷമാണ് സംസ്‌കാരം നടന്നത്.
അധ്യാപകരും കൂട്ടുകാരും നാട്ടുകാരുമടക്കം നിരവധി പേരാണ് സ്‌കൂളിലെത്തി പെണ്‍കുട്ടിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. ഏറെ വൈകാരികമായിരുന്നു തായിക്കാട്ടുകര സ്‌കൂളിലെ പൊതുദര്‍ശനം. നൂറുകണക്കിന് ആളുകൾ വിലാപയാത്രയായാണ് മൃതദേഹം കീഴ്‌മാട് പൊതുശ്‌മശാനത്തിൽ എത്തിച്ചത്. അന്തിമോപചാരം അർപ്പിക്കാൻ കഴിയാതിരുന്നവർക്ക് ശ്‌മശാനത്തില്‍ വച്ച് അവസരം നൽകി. മതപരമായ ചടങ്ങുകളോടെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചത്.
ആലുവ എംഎൽഎ അൻവർ സാദത്ത്, റോജി എം ജോൺ എംഎൽഎ തുടങ്ങിയവര്‍ പെണ്‍കുട്ടിക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തി. ഇന്നലെ (29 ജൂലൈ) പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയ മൃതദേഹം ആലുവ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. അവിടെ നിന്ന് ഇന്ന് രാവിലെ 7.30നാണ് തായിക്കാട്ടുകര സ്‌കൂളിൽ പൊതുദർശനത്തിനായി എത്തിച്ചത്.