തിരുവനന്തപുരം: Kerala Doctors strike സംസ്ഥാനത്തെ മെഡിക്കല്‍ കോളജിലെ ഹൗസ് സര്‍ജൻമാരുടെ സമരം തുടരുന്നു. നാളെ രാവിലെ ഒമ്പത് മണി വരെയാണ് ഹൗസ് സര്‍ജൻമാര്‍ സൂചന പണിമുടക്ക് നടത്തുന്നത്. ജോലിഭാരം കുറയ്ക്കുന്നതിനുള്ള നടപടി വേണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. ഇന്ന് ആരോഗ്യമന്ത്രിയുടെ ഓഫീസ് സമരക്കാരുമായി ചര്‍ച്ച നടത്തിയിരുന്നു.
ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു. ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ അറിയിച്ചതായി ചര്‍ച്ചകള്‍ക്ക് ശേഷം ഹൗസ് സര്‍ജന്‍മാര്‍ പ്രതികരിച്ചു. അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന ഉറപ്പാണ് സര്‍ക്കാറിന്‍റെ ഭാഗത്തു നിന്നുമുണ്ടായത്. എന്നാല്‍ പ്രതിഷേധം തുടരാനാണ് തീരുമാനം.
Also Read: Kerala Doctors strike: സമരം ചെയ്യുന്ന ഹൗസ് സർജന്‍മാരെ ചർച്ചയ്ക്ക് വിളിച്ച് ആരോഗ്യമന്ത്രി
ചര്‍ച്ചയില്‍ നല്‍കിയ ഉറപ്പ് പാലിച്ചില്ലെങ്കില്‍ തുടര്‍ സമരം ശക്തമാക്കുമെന്നും ഹൗസ് സർജൻമാര്‍ അറിയിച്ചു. പിജി ഡോക്ടര്‍മാര്‍ക്ക് പിന്നാലെ ഹൗസ് സര്‍ജന്‍മാര്‍ കൂടി സമരം പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ശസ്ത്രക്രിയ അടക്കം മാറ്റി വച്ചിട്ടുണ്ട്. ഒപിയില്‍ ഡോക്ടര്‍ കുറവായതിനാല്‍ വലിയതിരക്കാണ് അനുഭവപ്പെടുന്നത്.