തിരുവനന്തപുരം : 2020ലെ തദ്ദേശഭരണ തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചതോടെ രാഷ്‌ട്രീയ പാര്‍ട്ടികളും ഭരണ കര്‍ത്താക്കളും സ്ഥാനാർഥികളും പാലിക്കേണ്ട മാതൃകാ പെരുമാറ്റ ചട്ടം നിലവില്‍ വന്നു. തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കുന്ന ഡിസംബര്‍ 23വരെ സംസ്ഥാനത്ത് മാതൃകാ പെരുമാറ്റ ചട്ടം തുടരും.
എന്താണ് മാതൃകാ പെരുമാറ്റ ചട്ടം
തെരഞ്ഞെടുപ്പ് വേളയില്‍ രാഷ്‌ട്രീയ പാര്‍ട്ടികളും സ്ഥാനര്‍ഥികളും അനുവര്‍ത്തിക്കേണ്ട നടപടിക്രമങ്ങളും പാലിക്കേണ്ട നിയന്ത്രണങ്ങളും ഉള്‍പ്പെടുത്തി തയ്യാറാക്കിയിട്ടുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളാണ് മാതൃകാ പെരുമാറ്റ ചട്ടം. തെരഞ്ഞെടുപ്പിന്‍റെ സുഗമമായ നടത്തിപ്പ് ഉറപ്പു വരുത്താന്‍ രാഷ്‌ട്രീയ പാര്‍ട്ടികളുമായി കൂടിയാലോചിച്ചാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഈ പെരുമാറ്റ സംഹിത നടപ്പാക്കിയിട്ടുള്ളത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന തീയതി മുതല്‍ തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനിക്കുന്നതുവരെ മാതൃകാ പെരുമാറ്റ ചട്ടം തുടരും.
ഔദ്യോഗിക വാഹനങ്ങളുടെ ഉപയോഗം
മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ക്കോ തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഭാരവാഹിക്കോ ഔദ്യോഗിക യാത്രയും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനവും ഒരുമിച്ചു നടത്താന്‍ പാടില്ല. സര്‍ക്കാര്‍ വാഹനം ഒരു സ്ഥാനാര്‍ഥിയുടെയോ രാഷ്‌ട്രീയ കക്ഷിയുടെയോ പ്രചാരണത്തിന് ഉപയോഗിക്കാന്‍ പാടില്ല. സെക്യൂരിറ്റി സുരക്ഷയുള്ള മന്ത്രിമാര്‍ക്കോ തദ്ദേശഭരണ സ്ഥാപന ഭാരവാഹികള്‍ക്കോ ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച വാഹനങ്ങള്‍ തെരഞ്ഞെടുപ്പ് വേളയില്‍ ഉപയോഗിക്കാന്‍ അനുവാദമില്ല. മന്ത്രിമാര്‍ക്ക് വീട്ടില്‍ നിന്നും ഓഫീസില്‍ പോകുന്നതിനും തിരിച്ചും ഔദ്യോഗിക വാഹനങ്ങള്‍ ഉപയോഗിക്കാം. തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്.
ഔദ്യോഗിക പരസ്യങ്ങള്‍ക്ക് വിലക്ക്
വികസന നേട്ടങ്ങളെ കുറിച്ച് ഭരിക്കുന്ന തദ്ദേശഭരണ സ്ഥാപനങ്ങളോ സര്‍ക്കാരോ അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയെ സഹായിക്കും വിധമുള്ള പരസ്യങ്ങള്‍ അച്ചടി മാധ്യമങ്ങളിലോ ഇലക്‌ട്രോണിക് മാധ്യമങ്ങളിലോ സാമൂഹിക മാധ്യമങ്ങളിലോ പരസ്യം നല്‍കാന്‍ പാടില്ല. ഔദ്യോഗിക മാധ്യമങ്ങള്‍ ഇതിനായി ഉപയോഗിക്കുന്നതിനും കര്‍ശന വിലക്കുണ്ട്.
പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക്
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം സര്‍ക്കാരിന്‍റെയോ തദ്ദേശഭരണ സ്ഥാപനങ്ങളുടെയോ ഫണ്ടുപയോഗിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ പാടില്ല. എന്നാല്‍ ആരംഭിച്ച നിര്‍മാണ പ്രവര്‍ത്തികള്‍ തുടരുന്നതിന് തടസമില്ല. എംപിമാരുടെയോ എംഎല്‍എമാരുടെയോ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് പുതിയ പദ്ധതികള്‍ക്ക് പണം അനുവദിക്കാനും പാടില്ല.
ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ക്കും വിലക്ക്
മന്ത്രിമാര്‍, എംഎല്‍എമാര്‍, എംപിമാര്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഭാരവാഹികള്‍ എന്നിവര്‍ ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ നടത്താന്‍ പാടില്ല.
സ്ഥാനാർഥിയുടെ പരസ്യങ്ങള്‍ സംബന്ധിച്ച്
സര്‍ക്കാര്‍ ഓഫീസുകള്‍, സ്‌കൂളുകള്‍, മറ്റ് പൊതു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലോ അവയുടെ മതിലുകളിലോ സ്ഥാനാര്‍ഥികളുടെ പരസ്യങ്ങള്‍ പതിക്കാന്‍ പാടില്ല. അത്തരത്തില്‍ പരസ്യം പതിച്ചാല്‍ അവ ഉടനടി സ്ഥാനാർഥികള്‍ നീക്കം ചെയ്യേണ്ടതാണ്. സ്ഥാനാർഥികള്‍ തയ്യാറാകുന്നില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ അവ നീക്കം ചെയ്യുകയും അവയുടെ ചിലവ് സ്ഥാനാര്‍ഥിയുടെ ചിലവില്‍ ചേര്‍ക്കുകയും ചെയ്യും.