തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണ പദ്ധതി പ്രദേശത്തേക്കുള്ള വാഹനങ്ങൾ തടയില്ലെന്ന് സമര സമിതി ഹൈക്കോടതിയെ അറിയിച്ചു. നിർമാണ സാമഗ്രികളുമായി എത്തുന്ന വാഹനങ്ങൾ തടയില്ലെന്ന സമരക്കാരുടെ ഉറപ്പ് ഹൈക്കോടതി രേഖപ്പെടുത്തി. സമരത്തിന്‍റെ കാരണങ്ങളും മറ്റും കോടതിയലക്ഷ്യ ഹർജികളിന്മേൽ പരിശോധിക്കേണ്ടതില്ലെന്നും വാദത്തിനിടെ ജസ്റ്റിസ് അനു ശിവരാമൻ പറഞ്ഞു.
തുറമുഖ നിർമാണ പ്രദേശത്ത് പൊലീസ് സുരക്ഷ ഒരുക്കണമെന്ന ഇടക്കാല ഉത്തരവ് നടപ്പാക്കാത്തതിനെതിരെ അദാനി ഗ്രൂപ്പും കരാർ കമ്പനിയും നൽകിയ കോടതിയലക്ഷ്യ ഹർജികൾ ഹൈക്കോടതി തിങ്കളാഴ്‌ച വീണ്ടും പരിഗണിക്കാനായി മാറ്റി.
നേരത്തെ സർക്കാർ സംവിധാനങ്ങളെ ബന്ധനസ്ഥമാക്കി വിലപേശാൻ കഴിയില്ലെന്ന് വിഴിഞ്ഞം സമരക്കാരോട് ഹൈക്കോടതി പറഞ്ഞിരുന്നു. കോടതി ഉത്തരവുകൾ നടപ്പിലാക്കിയോ എന്നത് മാത്രമല്ല പരിഗണനാ വിഷയം പൊതുവഴികൾ തടസപ്പെടുത്തി എന്നുള്ളതും പ്രധാനമാണെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
മാത്രവുമല്ല രാഷ്ട്രീയം കളിക്കാൻ ആരെയും അനുവദിക്കില്ലെന്നും കോടതി ഓർമപ്പെടുത്തിയിരുന്നു.