തിരുവനന്തപുരം: സംസ്ഥാനത്ത് ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കാനുള്ള നടപടികളുമായി ആരോഗ്യ വകുപ്പ്. മന്ത്രി കെ.കെ ശൈലജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനങ്ങള്‍. ഓക്‌സിജനുമായി വരുന്ന ടാങ്കര്‍ ലോറികള്‍ക്ക് ആംബുലന്‍സുകള്‍ക്ക് നല്‍കുന്ന അതേപരിഗണന നല്‍കും. ഇത് സംബന്ധിച്ച കേന്ദ്ര നിര്‍ദേശം നടപ്പാക്കാനും ജില്ല കലക്ടര്‍മാര്‍ക്കും ജില്ല പൊലീസ് മേധാവിമാര്‍ക്കും ആരോഗ്യ മന്ത്രി നിര്‍ദേശം നല്‍കി.
കൊവിഡ് ചികിത്സയ്ക്കും ഇതര ചികിത്സകൾക്കുമായി ഏകദേശം 100 മെട്രിക് ടണ്‍ ഓക്‌സിജനാണ് ആവശ്യമായി വരുന്നത്. വിതരണ ശേഷവും ഓക്‌സിജന്‍ ഉത്പാദന കേന്ദ്രത്തില്‍ 510 മെട്രിക് ടണ്ണോളം ഓക്‌സിജന്‍ കരുതല്‍ ശേഖരമായി സൂക്ഷിക്കുന്നുണ്ട്. ഏത് പ്രതികൂല സാഹചര്യത്തെയും പ്രതിരോധിക്കാന്‍ പറ്റുന്ന തരത്തില്‍ കരുതല്‍ ശേഖരം 1000 മെട്രിക് ടണ്ണായി വര്‍ധിപ്പിക്കുന്നതിന്‍റെ സാധ്യതകളും യോഗത്തില്‍ ചര്‍ച്ചയായി.
Read More: സംസ്ഥാനത്ത് സജീവ കൊവിഡ് കേസുകൾ 255 % വർധിച്ചെന്ന് മുഖ്യമന്ത്രി
ഓക്‌സിജന്‍ സിലിണ്ടറിന്‍റെ ലഭ്യത രാജ്യത്തൊട്ടാകെ കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ വ്യവസായിക ആവശ്യത്തിന് വേണ്ടി ഉപയോഗിക്കുന്ന ബള്‍ക്ക് ഓക്‌സിജന്‍ സിലിണ്ടറുകള്‍, നൈഡ്രജന്‍ സിലിണ്ടറുകള്‍, ആര്‍ഗോണ്‍ സിലിണ്ടറുകള്‍ എന്നിവ ജില്ല അടിസ്ഥാനത്തില്‍ കലക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ പിടിച്ചെടുത്ത് എയര്‍ സെപ്പറേഷന്‍ യൂണിറ്റ് വഴി എത്രയും പെട്ടെന്ന് മെഡിക്കല്‍ ഓക്‌സിജന്‍ സിലിണ്ടറുകളാക്കി മാറ്റും. നിലവില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ 220 മെട്രിക് ടണ്‍ ഓക്‌സിജന്‍ ലഭ്യമാണ്.
ലഭ്യമായ ഓക്‌സിജന്‍റെ ഫലവത്തായ വിനിയോഗത്തിന് സംസ്ഥാന, ജില്ല ആശുപത്രി തലങ്ങളില്‍ ഓക്‌സിജന്‍ ഓഡിറ്റ് കമ്മിറ്റികള്‍ രൂപീകരിക്കും. ചികിത്സ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ഓക്‌സിജന്‍ ലീക്കേജ് പരമാവധി ഒഴിവാക്കുന്നതിനുള്ള മുന്‍കരുതല്‍ സ്വീകരിക്കും. ഓക്‌സിജന്‍ സിലിണ്ടറുകള്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് കാലോചിതമായി പരിശീലനം നല്‍കാനും ആരോഗ്യ വകുപ്പ് തീരുമാനിച്ചു.
Read More: ജനിതകമാറ്റം വന്ന വൈറസ് വ്യാപകം,കൂടുതല്‍ ഓക്‌സിജന്‍ കിടക്കകള്‍ സജ്ജമാക്കും:മുഖ്യമന്ത്രി