തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരെ നടത്തുന്ന സമരത്തില്‍ നിലപാട് കടുപ്പിച്ച് സര്‍ക്കാര്‍. പ്രതിഷേധങ്ങള്‍ക്കിടെയുണ്ടായ നഷ്‌ടങ്ങള്‍ സമരത്തിന് നേതൃത്വം നല്‍കുന്ന ലത്തീന്‍ അതിരൂപതയില്‍ നിന്ന് ഈടാക്കാന്‍ തീരുമാനം. തങ്ങള്‍ക്കുണ്ടായ നഷ്‌ടം സമരക്കാരില്‍ നിന്ന് ഈടാക്കണമെന്ന നിര്‍മാണ കമ്പനിയായ വിസിലിന്‍റെ (വിഴിഞ്ഞം ഇന്‍ര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡ്) ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു.
നിലപാട് ഹൈക്കോടതിയെ അറിയിക്കും. സമവായനീക്കങ്ങളെല്ലാം പരാജയപ്പെട്ടതോടെയാണ് മുഖ്യമന്ത്രിയുടെ നിർദേശം. 200 കോടിക്ക് മുകളിലാണ് സമരത്തെ തുടർന്നുണ്ടായ ആകെ നഷ്‌ടം. സമരം കാരണം തുറമുഖ നിര്‍മാണം തടസപ്പെട്ടതില്‍ ദിനംപ്രതി രണ്ട് കോടി രൂപയുടെ നഷ്‌ടമുണ്ടെന്നാണ് അദാനി ഗ്രൂപ്പിന്‍റെ കണക്ക്.
അതിനിടെ സമരം കൂടുതല്‍ ശക്തമാക്കാനുള്ള പ്രത്യേക അറിയിപ്പ് ഇന്ന് എല്ലാ പള്ളികളിലും വായിക്കും. ഏഴാം തവണയാണ് വിഴിഞ്ഞം സമരത്തോട് അനുബന്ധിച്ച് പള്ളികളിൽ സർക്കുലർ വായിക്കുന്നത്. ഉപരോധ സമരം ഇന്ന് 104-ാം ദിനമാണ്. ഇന്നലെ നടന്ന സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ സബ് കലക്‌ടറുടെയും ഡിസിപിയുടെയും നേതൃത്വത്തില്‍ അനുരഞ്ജന ചര്‍ച്ചയ്ക്ക് ശ്രമിച്ചിരുന്നെങ്കിലും പ്രാദേശിക ജനകീയ കൂട്ടായ്‌മ പ്രതിനിധികള്‍ എത്താത്തതിനാല്‍ ഈ ശ്രമവും പരാജയപ്പെട്ടിരുന്നു.
അദാനി ഗ്രൂപ്പ് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി തിങ്കളാഴ്‌ച പരിഗണനയ്ക്ക് വരും. ഇടക്കാല ഉത്തരവ് നിലനില്‍ക്കെ പദ്ധതി പ്രദേശത്തേക്കുള്ള വാഹനങ്ങള്‍ തടഞ്ഞതില്‍ സമരക്കാര്‍ക്കെതിരെ ഹൈക്കോടതി എന്ത് നടപടി സ്വീകരിക്കുമെന്നാണ് സര്‍ക്കാരും ഉറ്റുനോക്കുന്നത്.