തിരുവനന്തപുരം: സംസ്ഥാനത്ത് വനിതകള്‍ക്ക് തൊഴില്‍ അവസരം വര്‍ധിപ്പിക്കുന്നതിനായി ഏറെ പുതുമയുള്ള പദ്ധതി അവതരിപ്പിച്ച് ധനമന്ത്രി തോമസ് ഐസക്. ഇന്ത്യൻ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്തരത്തിൽ തൊഴിലില്ലാത്ത സ്ത്രീകളുടെയും തൊഴിൽ നഷ്ടമായ സ്ത്രീകളുടെയും അഭ്യസ്തവിദ്യരായ സ്ത്രീകളുടെയും ഉന്നമനത്തിനായി സർക്കാർ മുന്നിട്ടിറങ്ങുന്ന തരത്തിലുള്ള ഒരു ബജറ്റ് പ്രഖ്യാപനം ഉണ്ടാകുന്നത്. വര്‍ക്ക് നിയര്‍ ഹോം പദ്ധതിയിൽ ഉള്‍പ്പെടുത്തി വര്‍ക്ക് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിലൂടെ സ്ത്രീകള്‍ക്ക് സ്വന്തമായി തൊഴിലും വരുമാനവും ഉറപ്പു വരുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇങ്ങനെ ഒരു പദ്ധതി വരുന്നതിലൂടെ സംസ്ഥാനത്തെ തൊഴിൽ ചെയ്യാൻ താൽപര്യവും കഴിവുമുള്ള സ്ത്രീകൾക്ക് സ്വന്തം വീട്ടിലിരുന്ന് തന്നെ തൊഴിൽ ചെയ്യാനുള്ള സൗകര്യവും ഉണ്ടാകുന്നു. 20 കോടി രൂപയാണ് സർക്കാർ വര്‍ക്ക് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനായി വകയിരുത്തിയിരിക്കുന്നത്. അഞ്ച് വർഷം കൊണ്ട് 20 ലക്ഷം പേർക്കെങ്കിലും തൊഴിൽ ലഭ്യമാക്കാമെന്നാണ് സർക്കാർ ഇതിലൂടെ പ്രതീക്ഷിക്കുന്നത്.
ഇതോടൊപ്പം വിവിധ കമ്പനികള്‍ക്ക് ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കാനായി ഡിജിറ്റല്‍ പ്ലാറ്റഫോമും സര്‍ക്കാര്‍ ഒരുക്കുന്നുണ്ട്. പ്രൊഫഷണലുകളേയും പരിശീലനം ലഭിച്ചവരേയുമാണ് ഈ പ്ലാറ്റ്‌ഫോമില്‍ ഉള്‍പ്പെടുത്തുക. ഈ പ്ലാറ്റ്‌ഫോമില്‍ ജോലി ലഭിക്കുന്നവര്‍ക്ക് കമ്പ്യൂട്ടര്‍ അടക്കുള്ള സാങ്കേതിക സൗകര്യങ്ങള്‍ വാങ്ങുന്നതിന് കേരള ബാങ്ക്, കെ.എസ്.എഫ്.ഇ, കെ.എഫ്.സി എന്നിവിടങ്ങളില്‍ നിന്ന് എക്രോസ് ദി കൗണ്ടര്‍ വായ്‌പകളും ലഭ്യമാക്കും. രണ്ട് വര്‍ഷത്തേക്കാകും വായ്‌പ കാലാവധി. വായ്‌പ കാലാവധിയില്‍ ജോലി നഷ്‌ടപ്പെട്ടാല്‍ അടുത്ത ജോലി കിട്ടിയ ശേഷം മാത്രം വായ്‌പ തിരിച്ചടച്ചാൽ മതിയാകും. കൂടാതെ സര്‍ക്കാര്‍ ഒരുക്കുന്ന വര്‍ക്ക് സ്‌റ്റേഷനുകള്‍ ഇവര്‍ക്ക് സഹായ വാടകയ്ക്ക് നല്‍കുകയും ചെയ്യും. കൂടാതെ പ്രൊവിഡന്‍റ് ഫണ്ടിലെ തൊഴിലുടമയുടെ വിഹിതം സര്‍ക്കാർ അടയ്ക്കുകയും ചെയ്യും. പിഎഫ് വേണ്ടെങ്കില്‍ ജോലി കഴിയുമ്പോള്‍ ടെര്‍മിനേഷന്‍ ആനൂകൂല്യത്തിന്‍റെ ഇന്‍ഷുറന്‍സ് വിഹിതവും സര്‍ക്കാര്‍ അടയ്ക്കും. ഇവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സും ലഭ്യമാക്കും.
ഈ പദ്ധതി തൊഴിൽ നഷ്‌ടമായ 5 ലക്ഷം പ്രൊഫഷണലുകളായ സ്ത്രീകള്‍ക്കും 40 ലക്ഷം അഭ്യസ്‌ത വിദ്യരായ സ്ത്രീകള്‍ക്കും ഉപകാര പ്രദമാകുമെന്നാണ് കണക്കുകൂട്ടല്‍. ഇന്ത്യയിലെ പ്രൊഫണലുകളുടെ കണക്കില്‍ 27 ശതമാനവും സ്ത്രീകളാണ്. അതില്‍ 48 ശതമാനം 5 വര്‍ഷത്തിനുള്ളില്‍ ജോലി ഉപേക്ഷിക്കുന്നവരും അവശേഷിക്കുന്നവരില്‍ 65 ശതമാനവും പത്ത് വര്‍ഷത്തിനുള്ളില്‍ ജോലി ഉപേക്ഷിക്കുന്നവരുമാണ്. ഇവര്‍ക്ക് ഹ്രസ്വ പരിശീലനം നല്‍കി പദ്ധതിയില്‍ ഉള്‍പ്പെടുത്താനാണ് സർക്കാർ നീക്കം. 20 ലക്ഷം പേര്‍ക്ക് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി അഞ്ച് വര്‍ഷം കൊണ്ട് തൊഴില്‍ നല്‍കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി കേരള ഡവലപ്പ്‌മെന്‍റ് ഇന്നവേഷന്‍ സ്ട്രാറ്റജി കൗണ്‍സിലിനെ (കെ-ഡിസ്‌ക്) രജിസ്റ്റേർഡ് സൊസൈറ്റിയായി പുനഃസംഘടിപ്പിക്കും. കെ-ഡിസ്‌കിന് 200 കോടി രൂപയാണ് ബജറ്റില്‍ അനുവദിച്ചിരിക്കുന്നത്. ഈ പദ്ധതിയുടെ ഗുണഭോക്താക്കളില്‍ 75 ശതമാനവും സ്ത്രീകളായിരിക്കും. ഇത്തരത്തില്‍ താൽപര്യവും കഴിവുമുള്ള സ്ത്രീകളെ കണ്ടെത്താനുള്ള ചുമതല കുടുംബശ്രീയെ ഏല്‍പ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.