തിരുവനന്തപുരം: കേരളത്തില്‍ സിനിമ ടൂറിസം പദ്ധതിക്ക് തുടക്കമിടാന്‍ സാംസ്‌കാരിക-ടൂറിസം മന്ത്രിമാര്‍. വെള്ളിത്തിരയില്‍ സ്വാധീനമുണ്ടാക്കിയ ചിത്രീകരണ ഇടങ്ങളെ കോര്‍ത്തിണക്കി വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന തരത്തിലാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്. ഇതിന്‍റെ ആദ്യഘട്ട ചര്‍ച്ചകള്‍ മന്ത്രിമാരായ മുഹമ്മദ് റിയാസിന്‍റെയും സജി ചെറിയാന്‍റെയും അധ്യക്ഷതയില്‍ നടന്നു.
കാലം എത്ര കഴിഞ്ഞാലും മനസില്‍ നിന്നും മാഞ്ഞ് പോവാത്ത സിനിമ ഫ്രെയിമുകളും സ്വാധീനിച്ച സിനിമ രംഗങ്ങളുടെ ഓര്‍മ്മകള്‍ക്കും നിറം പകരുന്ന പുതിയ പദ്ധതിയാണ് സിനിമ ടൂറിസം. സാംസ്‌കാരിക വകുപ്പും ടൂറിസം വകുപ്പും സംയുക്തമായാണ് പദ്ധതി ഒരുക്കുന്നത്. സിനിമ താരങ്ങളെ കൂടി ഉള്‍പ്പെടുത്തി പദ്ധതി മികവുറ്റതാക്കാമെന്ന് ബുധനാഴ്‌ച ചേര്‍ന്ന യോഗം വിലയിരുത്തി.
പദ്ധതിയുമായി ബന്ധപ്പെട്ട് സിനിമാമേഖലയിലെ പ്രമുഖരുമായി ചര്‍ച്ച നടത്തും. അന്യഭാഷ ചിത്രങ്ങള്‍ക്ക് ഉള്‍പ്പടെ വേദിയായ പാലക്കാട് ജില്ലയില്‍ നിരവധി സിനിമാ ലൊക്കേഷനുകളാണുള്ളത്. എന്നാല്‍ ജില്ലയിലേക്ക് വിനോദ സഞ്ചാരികള്‍ അധികമായി എത്താറില്ല. സിനിമ ടൂറിസം യാഥാര്‍ത്ഥ്യമാകുന്നതോടെ ഇത്തരം ഇടങ്ങളിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കാമെന്നാണ് ടൂറിസം വകുപ്പിന്‍റെ വിലയിരുത്തല്‍.
Also Read: മുല്ലപ്പെരിയാര്‍ മരംമുറിക്കാൻ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ
മലയാളത്തിന്‍റെ എക്കാലത്തെയും മികച്ച ചിത്രമായ കിരീടം സിനിമയിലെ കിരീടം പാലം ടൂറിസം പദ്ധതി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ ചുവടുപിടിച്ചാണ് സംസ്ഥാനത്താകെ സിനിമ ടൂറിസം പദ്ധതി വിപുലപ്പെടുത്താന്‍ ഇരു വകുപ്പുകളും തീരുമാനിച്ചത്.