തിരുവനന്തപുരം: 2020-21 വര്‍ഷത്തെ സിഎജി ഓഡിറ്റ് (Comptroller and Auditor General of India) റിപ്പോര്‍ട്ടിന്‍റെയും സംസ്ഥാന ചീഫ് സെക്രട്ടറി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിന്‍റെയും അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ (economic emergency) പ്രഖ്യാപിക്കാന്‍ രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച നിവേദനത്തിൽ സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ.
സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റിയുടെ ചെയര്‍മാനാമായ ആര്‍.എസ് ശശികുമാറാണ് ഗവര്‍ണര്‍ക്ക് നേരിട്ട് നിവേദനം നല്‍കിയത്. ധനസ്ഥിതിയുടെ ഗൗരവം ഉള്‍ക്കൊണ്ട് അടിയന്തര നടപടി ആവശ്യപെട്ട് ആദ്യമായാണ് ഗവര്‍ണര്‍ക്ക് പരാതി ലഭിക്കുന്നത്. കേരള സര്‍ക്കാരിന് കീഴില്‍ നിലനില്‍ക്കുന്ന കുടിശ്ശികകളുടെ കണക്കും ചീഫ് സെക്രട്ടറി കോടതിയില്‍ സമര്‍പ്പിച്ച സത്യവാഗ്മൂലത്തിന്‍റെയും പകര്‍പ്പുകളും ചേർത്താണ് ശശികുമാർ പരാതി നൽകിയത്.
ആർഎസ് ശശികുമാറിന്‍റെ പരാതി ഇങ്ങനെ: സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ജനജീവിതം ദുസ്സഹമാവുമ്പോള്‍ ജീവിക്കുന്നതിന് വേണ്ടി ജനങ്ങളില്‍ അക്രമവും കുറ്റവാസനയും ഏറാനുള്ള സാധ്യത കണക്കിലെടുത്ത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 360(1) പ്രകാരം സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുവാന്‍ രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്യണമെന്നാണ് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച നിവേദനത്തില്‍ അഭ്യര്‍ത്ഥിച്ചിട്ടുള്ളത്.
കേരള സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് അത്യാവശ്യ സാധനങ്ങള്‍ നേരിട്ട് വാങ്ങിയതിന്‍റെ പേരില്‍ സംസ്ഥാന സർക്കാരിന് ആയിരം കോടി രൂപയുടെയും, ധാന്യങ്ങള്‍ സമാഹരിച്ച പേരില്‍ 4000 കോടി രൂപയുടെയും ബാധ്യതയുണ്ട്. സംസ്ഥാന സര്‍ക്കാരിന് അനുവദിച്ചിട്ടുള്ള വായ്‌പ പരിധി കവിഞ്ഞു. സര്‍ക്കാരിനുവേണ്ടി വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത സര്‍ക്കാര്‍ കോണ്‍ട്രാക്‌ടര്‍മാര്‍ക്ക് 16,000 കോടി രൂപ കുടിശിക ഇനത്തില്‍ നല്‍കാനുണ്ട്.
യൂണിവേഴ്‌സിറ്റി കോളജ് അധ്യാപകരുടെ 2018 മുതലുള്ള യുജിസി ശമ്പള കുടിശ്ശികയും ഡിഎയും ഇനത്തില്‍ 1500 കോടി രൂപ നല്‍കാനുണ്ട്. വിവിധ ഇനം ക്ഷേമ പെന്‍ഷനുകള്‍ മാസങ്ങളോളം കുടിശികയായത് വയോജനങ്ങളെ ദുരിതത്തിലാക്കി. ഇന്ധന സെസ് ഏര്‍പ്പെടുത്തിയത് ഈ ആവശ്യത്തിനായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 2019 ലെ ശമ്പള പരിഷ്‌ക്കരണ കുടിശ്ശികയും ഡിഎ യുമടക്കം 24000 കോടി രൂപയുടെ കുടിശിക നല്‍കാനുണ്ട്. കേരള സംസ്ഥാന റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം നല്‍കാന്‍ കഴിയുന്നില്ല. റിട്ടയര്‍ ചെയ്യുന്നവരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ തടഞ്ഞു വച്ചിരിക്കുന്നു. ജീവനക്കാരുടെ പ്രതിമാസ പെന്‍ഷന്‍ പോലും മാസങ്ങളായി നല്‍കുന്നില്ല. സര്‍ക്കാര്‍ ഗ്യാരണ്ടിയുടെ അടിസ്ഥാനത്തില്‍ കേരള ട്രാന്‍സ്‌പോര്‍ട്ട് ഡെവലപ്‌മെന്‍റ് ഫൈനാന്‍സ് കോര്‍പ്പറേഷന്‍ സമാഹരിച്ച സ്ഥിര നിക്ഷേപങ്ങള്‍ കാലാവധി പൂര്‍ത്തിയായിട്ടും മടക്കി ലഭിക്കാത്തത് മൂലം നിക്ഷേപകര്‍ കോടതിയെ സമീപിച്ചിരിക്കുകയാണെന്നും ഗവർണർക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
സംസ്ഥാനം ഇത്രയും വലിയ സാമ്പത്തിക പ്രതിസന്ധി തുടരുമ്പോള്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് മാത്രമായി സംസ്ഥാന സര്‍ക്കാര്‍ കേരളീയം, നവ കേരള സദസ്സ് തുടങ്ങിയ പരിപാടികള്‍ക്ക് കോടികള്‍ ചെലവിടുകയാണ്. ഭരണഘടന വ്യവസ്ഥ പ്രകാരം ഫിനാന്‍ഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് എല്ലാവര്‍ഷവും നിയമസഭയില്‍ സമര്‍പ്പിക്കേണ്ടതായുണ്ട്. 21- 22ലെ റിപ്പോര്‍ട്ട് 2022 മെയില്‍ ലഭ്യമായെങ്കിലും, നിയമസഭയില്‍ സമര്‍പ്പിക്കാന്‍ വൈകുന്നത് ബോധപൂര്‍വമാണെന്നും സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ നിര്‍ത്തലാക്കിയെങ്കിലും രണ്ടര വര്‍ഷം ഒരു മന്ത്രിയുടെ കീഴില്‍ ജോലി ചെയ്യുന്നവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നത് കോടിക്കണക്കിനു രൂപയുടെ അധികം ബാധ്യത സംസ്ഥാന ഖജനാവില്‍ ഉണ്ടാകുന്നുണ്ടെന്നും പരാതിയില്‍ പറയുന്നു.
കോളേജുകളില്‍ കൃത്യമായ അധ്യയനം നടക്കാത്തതിന്‍റെ പേരില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഉപരി പഠനത്തിനായി അന്യസംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും പലായനം ചെയ്യുകയാണെന്നും മന്ത്രിസഭയുടെ ആ സൂത്രണമില്ലാത്ത ധനകാര്യ മാനേജ്‌മെന്‍റ്, സംസ്ഥാനത്തിന് ലഭിക്കേണ്ട റവന്യൂ വരുമാനം പിരിച്ചെടുക്കുന്നതിലെ വീഴ്‌ചയും ധൂര്‍ത്തും സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായതായി സിഎജി റിപ്പോര്‍ട്ട് വ്യക്തമാക്കിയിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.
also read : സാമ്പത്തിക പ്രതിസന്ധി: കേന്ദ്രം തരാനുള്ളത് തരാതെ മാറ്റിവയ്ക്കുന്നത് ശരിയല്ലെന്ന് രമേശ് ചെന്നിത്തല