തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്(23/10/2021) ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത (Heavy Rains Throughout State). തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളില്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.
എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് ശേഷമാകും മഴ ശക്തമാവുക. ബുധനാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരും.
തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ 24 മണിക്കൂറില്‍ 115.6 എംഎം മുതല്‍ 204.4 എംഎം വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 എംഎം മുതല്‍ 115 എംഎം വരെ മഴ ലഭിക്കും.
തുലാവര്‍ഷം ചൊവ്വാഴ്‌ചയോടെ എത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്. ഇതിന് മുന്നോടിയായി രൂപപ്പെട്ട ചക്രവാതചുഴിയാണ് ഇന്ന് മുതല്‍ മഴ ശക്തമാകാന്‍ കാരണം. സംസ്ഥാനത്തെ തീരമേഖലകളില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും ഉയര്‍ന്ന തിരമായ്ക്കും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ മത്സ്യത്തൊഴിലാളികള്‍ ഇന്നും നാളെയും കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്.
Also Read:'ഞാനും അമ്മയാണ്,അവസ്ഥ മനസ്സിലാകും' ; അനുപമയെ വിളിച്ച് നടപടി ഉറപ്പുനല്‍കി വീണ ജോർജ്