തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്‍റെ അവസാന സമ്പൂര്‍ണ ബജറ്റ് അവതരണത്തില്‍ പ്രവാസിക്ഷേമത്തിനായി വമ്പന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക്. ഇത്തവണ 90 കോടി രൂപയാണ് സംസ്ഥാന പ്രവാസി വകുപ്പിനായി ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത്. തിരിച്ച് വരുന്ന പ്രവാസികളുടെ പുനരധിവാസത്തിന് മുന്‍ഗണന നല്‍കും. ഇതിനായി സാന്ത്വനം സ്‌കീമിന് 27 കോടി രൂപയും പ്രവാസി ക്ഷേമനിധിക്ക് 9 കോടി രൂപയും അനുവദിച്ചു. നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്‍ററിന് രണ്ട് കോടി രൂപയും വകയിരുത്തി.
പിണറായി സര്‍ക്കാര്‍ ഇതിനോടകം തന്നെ 152 കോടി രൂപ മേഖലയില്‍ ചെലവഴിച്ചെന്നും കേന്ദ്ര സര്‍ക്കാര്‍ പ്രവാസികള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കാന്‍ തയ്യാറല്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. പ്രവാസികള്‍ക്ക് സഹായങ്ങള്‍ ലഭിക്കുന്നതിനുള്ള കുടുംബ വരുമാന പരിധിയും വര്‍ധിപ്പിച്ചു.
10,000 നോഴ്‌സുമാര്‍ക്ക് വിദേശ ജോലിക്ക് ക്രാഷ് ഫിനിഷിങ് കോഴ്‌സിന് 5 കോടി രൂപ അനുവദിച്ചു. 24 മണിക്കൂര്‍ ഹെല്‍പ്പ് ലൈനിനും ബോധവല്‍ക്കരണത്തിനും പ്രവാസി ലീഗല്‍ എയ്‌ഡ് സെല്ലിനും കൂടി മൂന്ന് കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. പ്രവാസി സംഘടനകള്‍ക്ക് ധനസഹായത്തിന് രണ്ട് കോടി രൂപ. എയര്‍പോര്‍ട്ട് ആംബുലന്‍സിനും എയര്‍പോര്‍ട്ട് എവാക്വേഷനും കൂടി 1.5 കോടി രൂപ വകയിരുത്തി.
മലയാളം മിഷന്‍ പഠന കേന്ദ്രങ്ങളില്‍ ഗ്രസ്ഥശാലകള്‍ സ്ഥാപിക്കുന്നതിനും മലയാളം പഠിക്കുന്നതിനുള്ള ഓണ്‍ലൈന്‍ കോഴ്‌സ് എന്നിവയ്‌ക്കായി മലയാളം മിഷന് മൂന്ന് കോടി രൂപ,ലോക കേരളസഭക്കും ലോക സാംസ്‌കാരിക മേളക്കും 12 കോടി രൂപയും പ്രഖ്യാപിച്ചു. പ്രവാസി ഡിവിഡന്‍റും പ്രവാസി ചിട്ടിയും 2020-2021 ല്‍ പൂര്‍ണ പ്രവര്‍ത്തന സജ്ജമാകും. പ്രവാസി ചിട്ടി അനുകൂല്യങ്ങള്‍ക്കൊപ്പം ഇന്‍ഷ്വറന്‍സും പെന്‍ഷനും ലഭിക്കും.