തിരുവനന്തപുരം: ഡീസല്‍ ഓട്ടോറിക്ഷകള്‍ മറ്റ് ഹരിത ഇന്ധനങ്ങളിലേക്ക് മാറാനുള്ള കാലപരിധി 22 വര്‍ഷമായി ദീര്‍ഘിപ്പിച്ച് നല്‍കിയതായി ഗതാഗത മന്ത്രി ആന്‍റണി രാജു. ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. ഡീസല്‍ ഓട്ടോറിക്ഷകള്‍ ഹരിത ഇന്ധനത്തിലേക്ക് മാറ്റുവാന്‍ ആവശ്യമായ പശ്ചാത്തല സൗകര്യം സമ്പൂര്‍ണ്ണമാകാന്‍ കാലതാമസം നേരിടുന്നത് കണക്കിലെടുത്താണ് തീരുമാനം (Kerala Extended Diesel autorickshaw's Tenure to 22 years).
മാത്രമല്ല കൊവിഡ് പ്രതിസന്ധിയെ തുടർന്ന് രണ്ട് വർഷത്തോളം ഓട്ടോറിക്ഷകൾ നിരത്തിലിറക്കാൻ പറ്റാത്ത സാഹചര്യവും ഡീസല്‍ വാഹനങ്ങള്‍ക്ക് ഇത്തരം നിയന്ത്രണമില്ല എന്ന കാരണത്താലുമാണ് വര്‍ഷം തോറും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നേടുന്ന ഡീസല്‍ ഓട്ടോറിക്ഷകളുടെ കാലാവധി 15 വര്‍ഷത്തില്‍ നിന്നും 22 വര്‍ഷമായി ഉയര്‍ത്തുന്നതെന്നും മന്ത്രി അറിയിച്ചു. 15 വര്‍ഷം പൂര്‍ത്തിയായ ഓട്ടോറിക്ഷകള്‍ മറ്റ് ഹരിത ഇന്ധനങ്ങളിലേക്ക് മാറണം. ഉപജീവനത്തിനായി ഓട്ടോറിക്ഷ ഓടിക്കുന്ന കേരളത്തിലെ അന്‍പതിനായിരത്തിലധികം ആളുകള്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കുമെന്ന് മന്ത്രി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
അതേസമയം സംസ്ഥാനത്ത് നവംബർ ഒന്നു മുതൽ ഫിറ്റ്നസിന് ഹാജരാക്കുന്ന സ്‌റ്റേറ്റ് ക്യാരേജ് ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങളിൽ നിർബന്ധമായും സീറ്റ് ബെൽറ്റും ക്യാമറയും ഘടിപ്പിക്കണമെന്നും സീറ്റ് ബെൽറ്റും ക്യാമറയുമുള്ള വാഹനങ്ങൾക്ക് മാത്രമേ സർട്ടിഫിക്കറ്റ് നൽകുകയുള്ളൂവെന്നും ഗതാഗത മന്ത്രി അറിയിച്ചു. ബസുടമകളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്നും മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ALSO READ:Speed limit Sign board | പുതുക്കിയ വേഗപരിധി മുന്നറിയിപ്പ് ബോർഡുകൾ ജൂലൈ 31നകം മാറ്റി സ്ഥാപിക്കും : മന്ത്രി ആന്‍റണി രാജു
പുതുക്കിയ വേഗപരിധി മുന്നറിയിപ്പ് ബോർഡുകൾ: സംസ്ഥാനത്തെ റോഡുകളിൽ പുതുക്കിയ വേഗപരിധി മുന്നറിയിപ്പ് ബോർഡുകൾ ജൂലൈ 31നകം മാറ്റി സ്ഥാപിക്കുമെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു പറഞ്ഞു. പുതുക്കിയ വേഗപരിധി യാത്രക്കാരെ അറിയിക്കുന്നതിന് സംസ്ഥാനത്തുടനീളം ബോർഡുകൾ മാറ്റി സ്ഥാപിക്കുന്നതായിരിക്കും (Speed Limit Sign Board).
ഗതാഗത മന്ത്രിയുടെ അധ്യക്ഷതയിൽ ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ, ട്രാൻസ്‌പോർട്ട് കമ്മിഷണർ എസ് ശ്രീജിത്ത്, അഡീഷണൽ ട്രാൻസ്‌പോർട്ട് കമ്മിഷണർ പ്രമോജ് ശങ്കർ തുടങ്ങിയ ഉദ്യോഗസ്ഥർ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
കൂടാതെ സംസ്ഥാനത്തെ റോഡുകളിലെ നോ പാർക്കിംഗ് സ്ഥലങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാനും നിർദേശം നൽകിയിട്ടുണ്ട്. വിവിധ തരത്തിലുളള വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി യാത്രക്കാർക്ക് വ്യക്തമായി മനസിലാകുന്ന രീതിയിൽ പ്രത്യേകം ബോർഡുകൾ സ്ഥാപിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.
സംസ്ഥാനത്ത് പുതുക്കിയ വേഗപരിധി പ്രാബല്യത്തിൽ വന്നത് ജൂലൈ ഒന്ന് മുതലാണ്. പുതുക്കിയ വേഗപരിധി പ്രകാരം ഇരുചക്ര വാഹനങ്ങളുടെ പരമാവധി വേഗപരിധി 70 കിലോമീറ്ററില്‍ നിന്ന് 60 ആയാണ് നിജപ്പെടുത്തിയത്.
അതേസമയം ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ക്യാമറകൾ പ്രവർത്തനസജ്ജമായ സാഹചര്യത്തിൽ റോഡുകളിൽ വാഹനങ്ങളുടെ വേഗപരിധി, ദേശീയ വിജ്ഞാപനത്തിന് അനുസരിച്ച് പുനർ നിശ്ചയിക്കാൻ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്.