തിരുവനന്തപുരം: അന്തരീക്ഷ മലിനീകരണത്തിനും ഇന്ധനച്ചെലവുകൾക്കും പരിഹാരമായി സംസ്ഥാനത്തേ ആദ്യ ഇലക്ട്രിക്ക് ഓട്ടോറിക്ഷ ഇന്ന് അനന്തപുരയുടെ നിരത്തുകളിൽ ഇറങ്ങും. തിരുവനന്തപുരത്ത് രാവിലെ നടക്കുന്ന ചടങ്ങിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഇലക്ട്രിക്ക് ഓട്ടോറിക്ഷ ഉദ്ഘാടനം ചെയ്യും. 10 ഇലക്ട്രിക് ഓട്ടോകളിൽ എംഎൽഎമാരെ കയറ്റി നിയമസഭയിൽ എത്തിച്ചാണ് വേറിട്ട രീതിയിൽ ഉദ്ഘാടനം നടത്തുക. സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡിന്റെ നെയ്യാറ്റിൻകര പ്ലാന്റിലാണ് ഇലക്ട്രിക്ക് ഓട്ടോയുടെ നിർമാണം. ജൂൺ മാസത്തിലാണ് വാണിജ്യാടിസ്ഥാനത്തിൽ ഇ-ഓട്ടോ നിർമിക്കാനുള്ള കേന്ദ്രാനുമതി കെഎഎല്ലിന് ലഭിച്ചത്. ഒരു വർഷത്തിനകം 15,000 ഓട്ടോകൾ നിരത്തിലിറക്കാനാണ് കമ്പനിയുടെ ലക്ഷ്യം. 'കേരള നീം ജി' എന്നാണ് ഓട്ടോയുടെ പേര്.
ഇന്ധനച്ചെലവിന് ഏറ്റവും കുറഞ്ഞ രീതിയിലാണ് ഓട്ടോയുടെ നിർമാണം. ഒരു കിലോമീറ്റർ ഓടാൻ കേവലം 50 പൈസയാണ് ചെലവ് വരുക. ഒറ്റ തവണത്തെ റീച്ചാർജിൽ 100 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. കൂടാതെ ശബ്ദമലിനീകരവണവും കാര്‍ബണ്‍ മലിനീകരണവും കുറവായിരിക്കുമെന്നും ഓട്ടോ മൊബൈൽ ലിമിറ്റഡ് ചെയർമാൻ പറയുന്നു.
രണ്ട് ലക്ഷത്തി എഴുപ്പത്തി അയ്യായിരം രൂപയാണ് വാഹനത്തിന്റെ വില. സബ്സിഡി കൂടി ലഭിക്കുന്നതോടെ രണ്ട്ലക്ഷത്തിന് വിപണിയില്‍ വില്‍ക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ പറയുന്നു. അന്തരീക്ഷമലിനീകരണത്തിന്റെ പേരിൽ നിയന്ത്രണം ശക്തമാകുമ്പോൾ ഇലക്ട്രിക് വാഹനങ്ങൾക്ക് വലിയ സാധ്യതയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഓട്ടോ മൊബൈൽ ലിമിറ്റഡ് ഗ്രൂപ്പ്.
കാഴ്ചയിലും വലിപ്പത്തിലും സാധാരണ ഓട്ടോറിക്ഷകളെപ്പോലെ തന്നെയാണ് കേരള നീംജിയും. പിറകില്‍ മൂന്ന് പേര്‍ക്ക് ഇരിക്കാം. ജര്‍മന്‍ സാങ്കേതികവിദ്യയില്‍ തദ്ദേശീയമായി നിര്‍മിച്ച ബാറ്ററിയും രണ്ട് കെ വി മോട്ടോറുമാണ് ഉപയോഗിക്കുന്നത്. ബാറ്ററി പൂർണമായി ചാർജാവാൻ നാലു മണിക്കൂറിൽ താഴെ സമയം മതി. സാധാരണ ത്രീ പിന് പ്ലഗ് ഉപയോഗിച്ചും ബാറ്ററി റീച്ചാര്‍ജ് ചെയ്യാം.
സർക്കാരിന്റെ ഇ-വെഹിക്കിൾ നയത്തിന്റെ ഭാഗമായാണ് ഇ-ഓട്ടോ വരുന്നത്. പരീക്ഷണ അടിസ്ഥാനത്തില്‍ നിര്‍മ്മിച്ച ഇലക്ട്രിക്ക് ഓട്ടോ വിശദമായ പരിശോധന നടത്തിയ ശേഷമാണ് വാണിജ്യ അടിസ്ഥാനത്തില്‍ ഉത്പാദിപ്പാക്കാനുള്ള അനുമതി ലഭിച്ചത്.
ഇലക്ട്രിക്ക് ഓട്ടോറിക്ഷയ്ക്ക് പിന്നാലെ ഇലക്ട്രിക്ക് ബസുകളുടെ നിര്‍മ്മാണരംഗത്തേക്കും കേരള ഓട്ടോമൊബൈല്‍സ് ചുവടുവെയ്ക്കും. തകർന്നടിഞ്ഞ കേരളാ ഓട്ടോമൊബൈലിനെ ഇലക്ടിക് ഓട്ടോയുടെ വിപണത്തിലൂടെ തിരികെ കൊണ്ട് വരാനാകുമെന്ന് കേരളാ ഓട്ടോമൊബൈൽ ലിമിറ്റഡ് ചെയർമാൻ ഹരിയും മറ്റ് ജീവനക്കാരും പറയുന്നു.