തിരുവനന്തപുരം : ജനുവരി മുതല്‍ മെയ് മാസം വരെ സംസ്ഥാനത്ത് 14.66 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയതായി എക്‌സൈസ് വകുപ്പ്. ജനുവരി ഒന്ന് മുതല്‍ മെയ് അഞ്ച് വരെയുള്ള കണക്കാണിത്. ഏറ്റവും കൂടുതല്‍ മയക്കുമരുന്ന് കേസുകള്‍ പിടിക്കപ്പെട്ടത് എറണാകുളം ജില്ലയിലാണ്.
ആകെ 45,637 കേസുകളായിരുന്നു എക്‌സൈസ് രജിസ്റ്റര്‍ ചെയ്‌തത്. ഇതില്‍, 2740 എണ്ണം മയക്കുമരുന്ന് കേസുകളാണ്. 2726 പേരെ ഈ കേസുകളില്‍ അറസ്റ്റ് ചെയ്‌തു. ഈ വര്‍ഷം മെയ് അഞ്ച് വരെ 4.04 കിലോ എംഡിഎംഎ, 448 ഗ്രാം മെത്താഫിറ്റമിന്‍, 4.03 കിലോ ഹാഷിഷ് ഓയില്‍ എന്നിവയാണ് പിടികൂടിയത്. കൂടാതെ, 2.727 ഗ്രാം എല്‍എസ്‌ഡി, 191.725 ഗ്രാം ബ്രൗണ്‍ ഷുഗര്‍, 276 ഗ്രാം ഹെറോയിന്‍ എന്നിവയും പിടിച്ചെടുത്തു. വിവിധ മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട് 578 വാഹനങ്ങളാണ് പിടികൂടിയത്.
കൂടാതെ 8003 അബ്‌കാരി കേസുകളും 34,894 പുകയില ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട കേസുകളും എക്‌സൈസ് എടുത്തിട്ടുണ്ട്. അബ്‌കാരി കേസുകളില്‍ മെയ് അഞ്ച് വരെ 6926 പേര്‍ പിടിയിലായി. എക്‌സൈസ് ഒറ്റയ്ക്ക് നടത്തിയ അന്വേഷണത്തില്‍ സ്വീകരിച്ച കേസുകളുടെ കണക്കാണിത്. ഇതിന് പുറമെ പൊലീസ്, വനം വകുപ്പുകളുമായി ചേര്‍ന്ന് 836 റെയ്‌ഡുകളാണ് എക്‌സൈസ് നടത്തിയത്. 358 മയക്കുമരുന്ന് കേസുകള്‍ പിടിക്കപ്പെട്ടത് എറണാകുളം ജില്ലയിലാണ്. ഇവിടെ തന്നെയാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്.
മെയ് മാസത്തില്‍ 585 കേസുകള്‍: 31 മയക്കുമരുന്ന് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌ത കാസര്‍കോടാണ് ഏറ്റവും കുറവ് .സംസ്ഥാനത്താകമാനം ജനുവരി മാസത്തില്‍ 494 കേസുകളും, ഫെബ്രുവരിയില്‍ 520 കേസുകളും, മാര്‍ച്ച് മാസത്തില്‍ 582 കേസുകളും, ഏപ്രില്‍ മാസത്തില്‍ 551 കേസുകളും, മെയ് മാസത്തില്‍ 585 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്‌തത്. എക്‌സൈസ് വിഭാഗത്തിന്‍റെ തെരച്ചിലില്‍ മാത്രമാണ് ഇത്രയധികം മയക്കുമരുന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തത്. കൊച്ചി അന്താരാഷ്ട്ര തുറമുഖത്ത് പിടിക്കപ്പെട്ട മയക്കുമരുന്ന് ഉള്‍പ്പടെ ഈ കണക്കില്‍ വരുന്നില്ല.
പൊലീസും വനം വകുപ്പും മറ്റ് സംവിധാനങ്ങളും കണ്ടെത്തിയ മയക്കുമരുന്ന് കേസുകള്‍ക്കും പുറമെയാണ് ഈ കണക്ക്. സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയ അനുദിനം പിടിമുറുക്കുന്നതായി പ്രതിപക്ഷം ആരോപിക്കുമ്പോഴാണ് അഞ്ച് മാസത്തിനിടെ 15 കോടിയോളം രൂപയുടെ മയക്കുമരുന്ന് മാത്രം പിടികൂടിയതായി എക്‌സൈസ് വകുപ്പ് തന്നെ അറിയിക്കുന്നത്. മയക്കുമരുന്ന് കേസുകള്‍ നേരിടുന്നതിന് കഴിഞ്ഞ നിയമസഭ സമ്മേളന കാലയളവില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയിരുന്നു.
എന്നാല്‍, അടിയന്തര പ്രമേയത്തിന് സ്‌പീക്കര്‍ അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്ന്, സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികം കരിദിനമായി ആചരിച്ച് യുഡിഎഫ് സെക്രട്ടേറിയറ്റ് വളയല്‍ സമരം നടത്തി. ഇതില്‍ ഉള്‍പ്പടെ നിരവധി യുഡിഎഫ് നേതാക്കള്‍, സംസ്ഥാനത്ത് പിടിമുറുക്കുന്ന മയക്കുമരുന്ന് മാഫിയകളെ നേരിടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുര്‍ബലമാണെന്ന തരത്തില്‍ വിമര്‍ശനവും ഉന്നയിച്ചിരുന്നു.