തിരുവനന്തപുരം: സംസ്ഥാനത്ത് വിപുലമായ ഡിജിറ്റൽ റീ സർവേ നടപടികൾ നവംബർ ഒന്നിന് ആരംഭിക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജൻ. കേരളപ്പിറവി ദിനത്തിൽ തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ നടക്കുന്ന പരിപാടിയില്‍ ഡിജിറ്റൽ റീ സർവേ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പൂര്‍ണമായും നാലുവര്‍ഷം കൊണ്ട് ഏറ്റവും ശാസ്‌ത്രീയമായ രീതിയില്‍ ഡിജിറ്റലായി സര്‍വേ ചെയ്ത് കൃത്യമായ റിക്കാഡുകള്‍ തയ്യാറാക്കുന്നതിന്‍റെ ഭാഗമായാണ് കേരളത്തില്‍ ഡിജിറ്റൽ റീ സർവേ നടത്തുന്നത്.
858.42 കോടി രൂപയാണ് പദ്ധതി ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിന്‍റെ ആദ്യഘട്ടമായി റീബില്‍ഡ് കേരള ഇനിഷിയേറ്റീവില്‍ നിന്നും 438.46 കോടി രൂപ സര്‍വേ ഭൂരേഖ വകുപ്പിന് അനുവദിച്ചിട്ടുണ്ട്. ഇതിനായി 1500 സര്‍വെയര്‍മാരും, 3200 ഹെല്‍പ്പര്‍മാരും ഉള്‍പ്പെടെ 4700 പേരെ കരാറടിസ്ഥാനത്തില്‍ എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ച് മുഖേന നിയമിക്കും. സര്‍വേ ഭൂരേഖ വകുപ്പിലെ സാങ്കേതിക വിഭാഗം ജീവനക്കാര്‍ക്ക് പുറമെയാണിത്.
പദ്ധതി ഇങ്ങനെ: അണ്‍ സര്‍വെയ്ഡ് വില്ലേജുകള്‍, നാളിതുവരെ റീസര്‍വേ പൂര്‍ത്തിയാകാത്ത വില്ലേജുകള്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കിയാണ് സംസ്ഥാനത്തിന്‍റെ ഡിജിറ്റല്‍ റീസര്‍വേ പൂര്‍ത്തിയാക്കുക. പദ്ധതിയുടെ ആദ്യത്തെ മൂന്ന് വര്‍ഷങ്ങളില്‍ 400 വില്ലേജുകള്‍ വീതവും, നാലാം വര്‍ഷം 350 വില്ലേജുകളും സര്‍വേ ചെയ്ത് ആകെ 1550 വില്ലേജുകളുടെ ഡിജിറ്റല്‍ റീസര്‍വേ നാല് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. സംസ്ഥാനത്തിന്‍റെ 70 ശതമാനം വരെ സ്ഥലങ്ങളില്‍ ആര്‍ടികെ റോവര്‍ മെഷീന്‍റെ സഹായവും, സാറ്റലൈറ്റ് സിഗ്നലുകള്‍ ലഭ്യമല്ലാത്ത 20 ശതമാനം സ്ഥലങ്ങളില്‍ റോബോട്ടിക് ടോട്ടല്‍ സ്‌റ്റേഷന്‍ മെഷീനുകളും, ഏറ്റവും തുറസായ 10 ശതമാനം സ്ഥലങ്ങളില്‍ ഡ്രോണ്‍ സാങ്കേതിക വിദ്യയും ഡിജിറ്റല്‍ സര്‍വേക്കായി ഉപയോഗിക്കും.
സംസ്ഥാനത്തിന്‍റെ ഭൂപ്രകൃതി അനുസരിച്ച് സംസ്ഥാനത്താകെയായി 28 സിഒആര്‍ സ്‌റ്റേഷനുകളാണ് ആവശ്യമായിട്ടുള്ളത്. ഇതിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി സിഒആര്‍ സ്‌റ്റേഷനുകള്‍ പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ടെന്നും സിഒആര്‍എസ് കണ്‍ട്രോള്‍ സെന്ററിന്‍റെ നിര്‍മാണ ജോലികള്‍ സര്‍വേ ഡയറക്‌ടറേറ്റില്‍ പുരോഗതിയിലാണെന്നും മന്ത്രി അറിയിച്ചു. കണ്‍ട്രോള്‍ സെന്ററില്‍ സ്ഥാപിക്കേണ്ട ഉപകരണങ്ങള്‍ കണ്‍ട്രോള്‍ സെന്‍ററില്‍ എത്തിച്ചേര്‍ന്നിട്ടുണ്ടെന്നും ഇത് സ്ഥാപിക്കുന്ന ജോലികള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.