തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. രാവിലെ 11ന് എകെജി സെന്‍ററിലാണ് യോഗം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ ജാഥയുടെ അവലോകനമായിരിക്കും മുഖ്യ വിഷയം.
മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കുമെതിരെ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകൾ സ്വപ്നക്കെതിരെ എം വി ഗോവിന്ദൻ മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് അയച്ചത്, നിയമസഭയിലെ പ്രതിപക്ഷ - ഭരണപക്ഷ പോര് തുടങ്ങിയ വിഷയങ്ങളും ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ചർച്ചയാകും.
കേന്ദ്ര സർക്കാരിനെതിരെ എം വി ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ ജാഥ ജനങ്ങൾക്കിടയിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചെന്ന വിലയിരുത്തലിലാണ് പാർട്ടി നേതൃത്വം. ശനിയാഴ്ച പുത്തരിക്കണ്ടം മൈതാനിയിൽ ചേർന്ന സമാപന സമ്മേളനത്തോടുകൂടിയാണ് ജനകീയ പ്രതിരോധ ജാഥ സമാപിച്ചത്. പതിനായിരക്കണക്കിന് പ്രവർത്തകരാണ് സമാപന സമ്മേളനത്തിൽ പങ്കെടുത്തത്. കാസര്‍കോട് നിന്ന് തുടങ്ങി തിരുവനന്തപുരത്ത് അവസാനിച്ച, ഒരുമാസം നീണ്ടുനിന്ന ജാഥയ്‌ക്ക് നിരവധി അപ്രതീക്ഷിത വിവാദങ്ങളെ പ്രതിരോധിക്കേണ്ടി വന്നു.
ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍, മുഖ്യമന്ത്രിയുടെ സുരക്ഷ, ബജറ്റിലെ അധിക നികുതി, എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍റെ അസാന്നിധ്യം തുടങ്ങിയവ ചൂടേറിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കി. പകുതി പിന്നിട്ട ശേഷമാണ് ഇപി ജയരാജന്‍ ജാഥയില്‍ അണിചേര്‍ന്നത്. ജാഥാംഗങ്ങളുടെ പ്രസംഗങ്ങള്‍ വിവാദങ്ങള്‍ ഉണ്ടാക്കിയിലെങ്കിലും ലീഡര്‍ എംവി ഗോവിന്ദന്‍റെ കെ റെയില്‍ പ്രസ്‌താവന, സുരേഷ് ഗോപിക്ക് നല്‍കിയ മറുപടി പോലുള്ളവ വലിയ വാര്‍ത്തയായി. ഇതിനിടെ ബ്രഹ്മപുരത്ത് തീപിടിത്തമുണ്ടായി സര്‍ക്കാര്‍ വിഷമവൃത്തത്തിലായപ്പോള്‍ ജാഥയും പ്രതിരോധത്തിലായി.
ജാഥയ്ക്ക് ആളെക്കൂട്ടാന്‍ കണ്ണൂരിലെ പഞ്ചായത്ത് മെമ്പര്‍ ഭീഷണിപ്പെടുത്തിയതും, സ്‌കൂള്‍ ബസ് ജാഥയ്ക്ക് ഉപയോഗിച്ചതും, പ്രാദേശിക നേതാവ് കുട്ടനാട്ടിലെ തൊഴിലാളിളെ ഭീഷണിപ്പെടുത്തിയതും വിവാദത്തിന് തിരികൊളുത്തി. തെറ്റുതിരുത്തല്‍ രേഖ കര്‍ശനമായി നടപ്പാക്കി അച്ചടക്കത്തില്‍ വിട്ടുവീഴ്‌ചയ്ക്കില്ലെന്ന് പ്രഖ്യാപിച്ച എംവി ഗോവിന്ദന്‍റെ പദവി, പാര്‍ട്ടിയില്‍ ഉറപ്പിക്കുന്നത് കൂടിയായി പ്രതിരോധ ജാഥ. എം വി ഗോവിന്ദനെതിരെ സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലും ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഉന്നയിച്ച ആരോപണങ്ങൾ പിൻവലിച്ച് ബാംഗ്ലൂർ വിടണമെന്നും 30 കോടി വാഗ്ദാനം ചെയ്തു എന്നുമായിരുന്നു സ്വപ്ന എം വി ഗോവിന്ദനെതിരെ നടത്തിയ വെളിപ്പെടുത്തൽ. സംഭവത്തിൽ സ്വപ്നക്കെതിരെ അദ്ദേഹം മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് അയച്ചു.
കണ്ണൂരിലെ അഭിഭാഷകൻ വഴിയാണ് വക്കീൽ നോട്ടീസ് അയച്ചത്. നട്ടെല്ല് ഒന്നല്ല പത്തുണ്ട് എന്നും അതിനാലാണ് മാനനഷ്‌ടക്കേസ് കൊടുത്തതെന്നും തോന്നിയത് പോലെ പറഞ്ഞാൽ മിണ്ടാതിരിക്കില്ലെന്നും എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഈ വിഷയങ്ങളടക്കം ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ചർച്ചയാകും. അതേസമയം നിയമസഭാ ഇന്നും പ്രക്ഷുബ്ധമാണ്. സഭ നടപടികൾ ആരംഭിച്ചത് മുതൽ തന്നെ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിച്ചു. പ്രതിഷേധത്തിനിടയിലാണ് ചോദ്യോത്തര വേള തുടരുന്നത്.