തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനോടൊപ്പം മെയ് മാസം പകുതിയാകുമ്പോള്‍ കൊവിഡ് കണക്കുകള്‍ നല്‍കുന്നത് കടുത്ത ആശങ്ക. പതിനാല് ദിവസം കൊണ്ട് കൊവിഡ് ബാധിച്ചവരുടെ എണ്ണം അഞ്ച് ലക്ഷം. കൊവിഡ് രണ്ടാം തരംഗത്തില്‍ കേരളത്തില്‍ നടക്കുന്നത് അതിവ്യാപനമെന്ന് മെയ് മാസത്തെ കണക്ക് മാത്രം നോക്കിയാല്‍ മനസിലാകാൻ സാധിക്കും.
മെയ് മാസത്തില്‍ ഇന്നലെ വരെ അഞ്ച് ലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കൃത്യമായ കണക്കെടുത്താല്‍ 514,400 പോസിറ്റീവ് കേസുകള്‍. 2085583 പോര്‍ക്കാണ് ഇതു വരെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. അതായത് കൊവിഡ് ബാധിച്ചവരില്‍ നാലില്‍ ഒന്ന് പേര്‍ക്കും മെയ് മാസത്തിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പും നിയന്ത്രണങ്ങളിലെ ഇളവും മലയാളികളെ ബാധിച്ചത് വളരെ മോശമായ രീതിയില്‍ തന്നെയാണ്. ആദ്യഘട്ട വ്യാപനത്തില്‍ കാര്യമായ രീതിയില്‍ പ്രതിരോധിക്കാന്‍ സംസ്ഥാനത്തെ ആരോഗ്യവകുപ്പിന് കഴിഞ്ഞിരുന്നു. കൂട്ടത്തോടെ രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് തടയാന്‍ ഡിലേയിങ്ങ് ദ പീക്ക് എന്ന സ്‌ട്രാറ്റജി ഭംഗിയായി നടപ്പാക്കാന്‍ സാധിച്ചു.
എന്നാല്‍ രാജ്യം മുഴുവന്‍ വ്യാപകമായ രണ്ടാം തരംഗത്തില്‍ കേരളവും ഒന്നു പകച്ചു. കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനൊപ്പം തന്നെ മരണ സംഖ്യയും വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് ഇതുവരെ 6243 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. അതില്‍ 935 മരണവും മെയ് മാസത്തിലാണ് സംഭവിച്ചത്. 442194 പേരാണ് നിലവില്‍ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. നമ്മുടെ നാട്ടിലെ പകുതിയിലധികം ആശുപത്രികളിലും രോഗികളെ പ്രവേശിപ്പിച്ചു കഴിഞ്ഞു. രോഗവ്യാപനത്തിന്‍റെ തോത് കുറയ്‌ക്കുന്നതിനായി ഏര്‍പ്പെടുത്തിയ ലോക്ക്‌ഡൗണ്‍ ഏത് തരത്തിലുള്ള ഫലം ഉണ്ടാക്കിയെന്ന് വരും ദിവസങ്ങളിലെ കണക്ക് ലഭിച്ചാല്‍ മാത്രമേ അറിയാന്‍ കഴിയുകയുള്ളൂ.
രോഗ വ്യാപനം കുറയാന്‍ അടച്ചിടല്‍ തുടരണമെന്നാണ് ഉന്നതതല സമിതി സര്‍ക്കാരിന് നല്‍കിയ നിര്‍ദേശം. കൂടാതെ രോഗവ്യാപനം കൂടിയ ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കണമെന്നും നിര്‍ദേശമുണ്ട്.