തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വ്യാപനം ആശങ്കപ്പെടുത്തുന്ന നിലയില്‍ വര്‍ധിക്കുന്നു. കേരളത്തിലെ ചികിത്സ സംവിധാനങ്ങൾക്ക് താങ്ങാവുന്നതിലും അധികം പ്രതിദിന കേസുകള്‍ എന്ന നിലയിലേക്ക് കേരളത്തിലെ രോഗവ്യാപനം കുതിക്കുകയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ രോഗികളുളള സംസ്ഥാനങ്ങളില്‍ മൂന്നാം സ്ഥാനത്താണ് കേരളം. മഹാരാഷ്ട്ര ഒന്നാം സ്ഥാനത്തും കര്‍ണ്ണാടക രണ്ടാം സ്ഥാനത്തുമാണ്.
ഇന്നലെ വരെയുള്ള കണക്കുകള്‍ അനുസരിച്ച് കേരളത്തില്‍ 3,56,872 സജീവ കൊവിഡ് കേസുകളാണുളളത്. മഹാരാഷ്ട്രയില്‍ 6,59,013 സജീവ കൊവിഡ് കേസുകളും കര്‍ണ്ണാടകയില്‍ 4,44,754 സജീവ കൊവിഡ് കേസുകളുമുണ്ട്. ഇത് കൂടാതെ കേരളത്തെ ആശങ്കപ്പെടുത്തുന്ന മറ്റൊരു കാര്യം രാജ്യത്ത് ഏറ്റവും കൂടുതൽ സജീവ കൊവിഡ് രോഗികള്‍ ചികിത്സയിലുള്ളത് എറണാകുളം ജില്ലയിലാണ് എന്നതാണ്. 54,867 പേരാണ് നിലവില്‍ ജില്ലയില്‍ ചികിത്സയിലുള്ളത്. പ്രതിദിന രോഗബാധിതരുടെ എണ്ണം എറാണാകുളത്ത് കഴിഞ്ഞ ദിവസവും അയ്യായിരത്തിന് മുകളിലായിരുന്നു. ഇത് നമ്മുടെ ആരോഗ്യസംവിധാനത്തിന് താങ്ങാവുന്നതിലും അപ്പുറത്തേക്ക് രോഗികളുടെ എണ്ണം എത്തുന്നുവെന്ന സൂചന തന്നെയാണ് നല്‍കുന്നത്.
കൂടുതൽ വായനയ്ക്ക്: കൊവിഡ് വ്യാപനം അതിരൂക്ഷം; 24 മണിക്കൂറിനിടെ രാജ്യത്ത് 3.82 ലക്ഷം രോഗികൾ
പ്രതിദിന രോഗികളുടെ എണ്ണം അന്‍പതിനായിരത്തിന് മുകളിലെത്താന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് ആരോഗ്യ വിദഗ്‌ധർ നല്‍കുന്നത്. അതുപോലെ തന്നെ സജീവ കേസുകളുടെ എണ്ണം അഞ്ച് ലക്ഷം എത്തുമെന്നും പറയപ്പെടുന്നുണ്ട്. ഇത് മുന്നില്‍ കണ്ടു കൊണ്ടുള്ള ക്രമീകരണങ്ങള്‍ക്കാണ് ആരോഗ്യ വകുപ്പ് ശ്രമിക്കുന്നതും. സംസ്ഥാനത്തിന്‍റെ മറ്റൊരു വെല്ലുവിളി രോഗമുക്തി നിരക്കിലെ കുറവാണ്. നിലവില്‍ രോഗമുക്തരാവുന്നവരുടെ എണ്ണത്തില്‍ രാജ്യത്ത് ആറാംസ്ഥാനത്താണ് സംസ്ഥാനം. രോഗതീവ്രത കുറഞ്ഞവരെ ഡിസ്ചാര്‍ജ് ചെയ്യുക എന്ന തരത്തില്‍ ഡിസ്ചാര്‍ജ് പോളിസിയില്‍ കുറവ് വരുത്തിയെങ്കിലും അത് കണക്കുകളില്‍ പ്രതിഫലിക്കുന്നില്ല.
സംസ്ഥാനത്ത് ഇതുവരെയുള്ള കണക്കുകളില്‍ 17,01,979 പേര്‍ക്കാണ് രോഗ ബാധയുണ്ടായിരിക്കുന്നത്. സംസ്ഥാനത്തിന്‍റെ ഏക ആശ്വാസം മരണ നിരക്കിലെ കുറവ് മാത്രമാണ്. 5,507 പേരാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചതായി സംസ്ഥാനം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ മരണ നിരക്കാണ് കേരളത്തിലേത്. എന്നാല്‍ സംസ്ഥാനത്തെ മരണ നിരക്കും വര്‍ധിക്കുകയാണ്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 248 ആണ്. രോഗികളുടെ എണ്ണം 1,67,995 ആണ്. രോഗ ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിന് അനുസരിച്ച് മരണ നിരക്കും വര്‍ധിക്കുന്നുണ്ട് എന്നതും ആശങ്കാജനകമാണ്. കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി വ്യാപനം കുറയ്ക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ വ്യാപനത്തില്‍ കുറവുണ്ടായില്ലെങ്കില്‍ ലോക്ക് ഡൗണ്‍ പോലുള്ള കടുത്ത നടപടികളിലേക്ക് സംസ്ഥാനം കടക്കേണ്ടി വരും.
കൂടുതൽ വായനയ്ക്ക്: കൊവിഡ് സ്ഥിരീകരിച്ചവർക്ക് വീണ്ടും ആർടിപിസിആർ വേണ്ട: ഐസിഎംആർ