തിരുവനന്തപുരം: കേരളാ കോൺഗ്രസ് വിപ്പ് വിഷയത്തിൽ നിലപാട് മാറ്റാതെ പിജെ ജോസഫ്, ജോസ് കെ മാണി വിഭാഗങ്ങൾ. ഇന്ന് നിയമസഭാ സ്പീക്കറെ കണ്ട ശേഷമാണ് ഇരു വിഭാഗവും നിലപാട് ആവർത്തിച്ചത്. ഇരു വിഭാഗങ്ങളുടേയും വാദം സ്പീക്കർ കേട്ടു. തീരുമാനം തങ്ങൾക്ക് അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്ന് സ്‌പീക്കറെ കണ്ട ശേഷം ഇരുവിഭാഗവും പ്രതികരിച്ചു.
ജോസ് വിഭാഗത്തിന്‍റെ വാദം നിലനിൽക്കില്ലെന്ന് പിജെ ജോസഫ് പറഞ്ഞു. മോൻസ് ജോസഫ് ആണ് വിപ്പ്. നിയമസഭയിൽ സീറ്റിങ്ങിൽ അടക്കം ക്രമീകരണം നടത്തിയ ശേഷമാണ് കാര്യങ്ങൾക്ക് മാറ്റമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ചിഹ്നം നഷ്‌ടമായതിൽ കാര്യമില്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണ മത്സരിച്ച എല്ലാ സീറ്റിലും മത്സരിക്കുമെന്നും ജോസഫ് പറഞ്ഞു.
അതേസമയം വിപ്പ് വിഷയത്തിൽ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് ജോസ് വിഭാഗം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മിഷനും, കോടതിയും ജോസ് കെ മാണി നയിക്കുന്ന പാർട്ടിക്കാണ് അംഗീകാരം നൽകിയതെന്ന് ഹിയറിങ്ങിൽ ചൂണ്ടിക്കാട്ടി. വിപ്പ് പാർട്ടിയുടേതാണ്. പാർട്ടി ഏതാണെന്ന വിഷയത്തിലും ചിഹ്നത്തിലും തീരുമാനമായ സ്ഥിതിക്ക് ആശങ്കയില്ലെന്നും എംഎൽഎമാരായ റോഷി അഗസ്റ്റിനും എൻ ജയരാജും പറഞ്ഞു. ഇരുവിഭാഗവും സമർപ്പിക്കുന്ന രേഖകൾ പരസ്‌പരം കൈമാറാത്തതിനാൽ മറ്റൊരു ദിവസം വീണ്ടും സ്‌പീക്കർ വാദം കേൾക്കും.