തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഡാമിൻ്റെ വൃഷ്‌ടിപ്രദേശത്ത് അതിശക്തമായ മഴ തുടരുന്നതിനാൽ ഡാമിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തേക്കാൾ കൂടുതൽ പുറത്തേക്കെടുക്കുന്നുവെന്ന് ഉറപ്പുവരുത്താൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകണമെന്ന് കത്തിൽ പറയുന്നു.
ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തുന്ന സാഹചര്യമുണ്ടായാൽ 24 മണിക്കൂർ മുമ്പെങ്കിലും ഇക്കാര്യം കേരള സർക്കാരിനെ അറിയിക്കണം. ഡാമിനു താഴെയുള്ള പ്രദേശങ്ങളിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ സംസ്ഥാന സർക്കാരിന് മുൻകൂട്ടി നടപടിയെടുക്കുന്നതിനാണ് ഇതെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
നിലവിൽ 136 അടിയാണ് മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ്. ഇതേ ആവശ്യം ഉന്നയിച്ച് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രിക്ക് കത്തു നൽകിയിരുന്നു.