തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പാക്കിയത് ജീവന്‍റെ വിലയുള്ള ലോക്ക് ഡൗണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എമർജൻസി ലോക്ക് ഡൗണാണ് നിലവിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. ആദ്യത്തെ ലോക്ക് ഡൗൺ സംസ്ഥാനത്തെ സമൂഹ വ്യാപനം ഒഴിവാക്കാനായിരുന്നെന്നും ആ ഘട്ടത്തിൽ പുറത്തുനിന്ന് രോഗം വരുന്നത് ഒഴിവാക്കാനാണ് നടപടി സ്വീകരിച്ചിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൂടുതൽ വായനയ്ക്ക്: സംസ്ഥാനത്ത് 27,487 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ; 65 മരണം
എന്നാൽ നിലവിൽ ഇവിടെത്തന്നെയുള്ള സമ്പർക്കം മൂലമാണ് രോഗം കൂടുതലായി ഉണ്ടാകുന്നത്. ഇത്തവണ മരണങ്ങൾ കുറയ്ക്കുകയാണ് ലോക്ക് ഡൗണിന്‍റെ ലക്ഷ്യം. അതുകൊണ്ടുതന്നെ ഈ അടച്ചിടലിന് നമ്മുടെ ജീവന്‍റെ വിലയാണുള്ളതെന്ന് മറക്കരുതെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. സ്വന്തം സുരക്ഷയ്ക്കും പ്രിയപ്പെട്ടവരുടെ നന്മയ്ക്കും ഈ പൂട്ടല്‍ ഏറ്റവും ഫലപ്രദമായി നടപ്പാക്കുമെന്ന് ഓരോരുത്തരും തീരുമാനിക്കണമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 27,487 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിലുണ്ടായ 65 മരണങ്ങൾ കൊവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് 31,209 പേരാണ് സംസ്ഥാനത്ത് രോഗമുക്തരായത്. 99,748 സാമ്പിളുകൾ സംസ്ഥാനത്ത് 24 മണിക്കൂറിനിടെ പരിശോധിച്ചു. 27.56 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി.