വിഷുപ്പുലരിയില്‍ നല്ലനാളിന്‍റെ നിറവിലേക്ക് കണികണ്ടുണര്‍ന്ന് മലയാളി. മനസ്സുകളില്‍ കൊന്നപ്പൂത്തിളക്കവുമായി ആഘോഷത്തിലാണ് ഏവരും. വിഷുവിനെ സവിശേഷമാക്കി കണിക്കാഴ്ചയും. ഓട്ടുരുളിയില്‍ കൃഷ്ണനും കണിവെള്ളരിയും നാളീകേരവും കാര്‍ഷിക വിഭവങ്ങളും ഫലങ്ങളും ഒരുക്കും. നിറനിലവിളക്കിന്‍റെ തെളിച്ചവും.
ആ കണിക്കാഴ്ചയിലേക്ക് കണ്‍തുറക്കുമ്പോള്‍ വിടരുന്നത് നല്ല നാളേയ്ക്കുള്ള കൈത്തിരിവെട്ടം. സമൃദ്ധിയുടെ അടയാളങ്ങളായി സ്വര്‍ണവര്‍ണമാര്‍ന്ന കൊന്നപ്പൂവും കണിവെള്ളരിയും വീട്ടുവരാന്തകളില്‍ തൂങ്ങും. വിഭവസമൃദ്ധമായ വിഷുസദ്യയും കൈനീട്ടവും ശബ്ദവര്‍ണവിസ്മയങ്ങളും മാറ്റേകുമ്പോള്‍ എല്ലാം മറന്നുല്ലസിക്കാനുള്ള ദിനം.
കേരളത്തിന് കാര്‍ഷികോത്സവം
മലയാളിക്ക് വിളവെടുപ്പുത്സവമാണ് വിഷു. വേനലില്‍ പച്ചക്കറികൃഷി വിളവെടുക്കും കാലം. പാടത്തുനിന്ന് പറിച്ചവ കണിക്കാഴ്ചയില്‍ ഇടംപിടിക്കും.
വിഷു എന്നാല്‍ തുല്യം
വിഷു എന്നാല്‍ സമമായത് എന്ന് അര്‍ഥം. രാത്രിയും പകലും തുല്യമായ ദിവസമായി വിഷുവിനെ കണക്കാക്കുന്നു. സൂര്യന്‍ രാശിമാറുന്ന സംക്രാന്തികളിലെ പ്രധാനദിനമാണ് മഹാവിഷു എന്നും സങ്കല്‍പ്പം.
വിഷുവിന്‍റെ ഐതിഹ്യം
വിഷു സംബന്ധിയായി ഐതിഹ്യങ്ങള്‍ പലതുണ്ട്. നരകാസുരന്‍ ശ്രീകൃഷ്ണനാല്‍ വധിക്കപ്പെട്ട ദിനമെന്നാണ് ഒന്ന്. കോട്ടയിലേക്ക് വെയിലടിച്ചപ്പോള്‍ സൂര്യനെ ഉദിക്കാന്‍ രാവണന്‍ അനുവദിച്ചില്ലെന്നും രാമന്‍റെ രാവണ വധത്തില്‍ പിന്നേയാണ് സൂര്യന്‍ നേരെ ഉദിച്ചതെന്നും അതാണ് വിഷുവെന്നും മറ്റൊരു സങ്കല്‍പ്പം.
മഹാമാരിക്കാലത്തെ രണ്ടാം വിഷു
ലോകത്തെ മഹാമാരി ഉലച്ചതിന് ശേഷം മലയാളിക്കിത് രണ്ടാം വിഷു. ഭീതിദിനങ്ങളിലും നിയന്ത്രണങ്ങളില്‍ തുടര്‍ന്ന് മലയാളി വിഷുവിന്‍റെ ആഹ്ളാദത്തിലാണ്. രോഗദുരിതത്തിലും മനസ്സില്‍ കര്‍ണികാരപ്പൂത്തിരി തെളിച്ച് പ്രതീക്ഷയോടെ നാളെകളിലേക്ക് ഉറ്റുനോക്കുകയാണ്.