തിരുവനന്തപുരം: പ്രവാസികൾക്ക് ഇളവ് അനുവദിച്ച് സംസ്ഥാന സർക്കാർ. വിദേശത്തുള്ള പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങി വരാൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമില്ലെന്ന് സർക്കാർ. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പരിശോധന സംവിധാനമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവർക്ക് മാത്രം കൊവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ഇത്തരം ഒരു സംവിധാനവുമില്ലാത്ത രാജ്യങ്ങളിൽ നിന്ന് എത്തുന്നവർ യാത്രയിലുടനീളം പിപിഇ കിറ്റ്, മാസ്‌ക്, ഗ്ലൗസ് എന്നിവ ധരിക്കണം. നാട്ടിലെത്തിയ ശേഷം പരിശോധന നടത്തണമെന്നും മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. പരിശോധന സംവിധാനമില്ലാത്ത സൗദി അറേബ്യ, കുവൈറ്റ്, ഒമാൻ, ബഹറിൻ എന്നിവടങ്ങളിൽ നിന്നുള്ളവർക്കാണ് ഇളവ് നല്‍കിയത്. ഖത്തറിലും യുഎഇയിലും പരിശോധന സൗകര്യങ്ങൾ ഉള്ളതിനാല്‍ ഇവിടെ നിന്നും വരുന്നവർക്ക് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
ട്രൂ നാറ്റ് പരിശോധനയ്ക്ക് പകരം ആന്‍റിബോഡി പരിശോധന മതിയെന്നും മന്ത്രിസഭ തീരുമാനിച്ചു. ഓരോ രാജ്യത്തും നിലവിലുള്ള സംവിധാനത്തില്‍ കൊവിഡില്ല എന്ന ഫലം മതി. ഖത്തർ ഉൾപ്പെടെ ചില സ്ഥലങ്ങളിൽ നിലവിലുള്ള മൊബൈൽ ആപ്ലിക്കേഷൻ സർക്കാർ പരിഗണിക്കും. കേന്ദ്ര സർക്കാരിന്‍റെ നിർദേശങ്ങൾ പരിഗണിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതിന് എതിരെ വ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് സർക്കാർ തീരുമാനം.
പിപിഇ കിറ്റ് ലഭ്യമാക്കുന്നത് സംബന്ധിച്ച് സെക്രട്ടറി തല ചർച്ച നടത്തും. പരിശോധന സംവിധാനമുള്ള രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് സർട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള തീയതി നീട്ടി നൽകുന്നത് പരിഗണിക്കാനും മന്ത്രിസഭ തീരുമാനിച്ചു. സംസ്ഥാനത്ത് കൊവിഡ് രോഗം വർധിക്കുന്നതിനാൽ ജാഗ്രതയിൽ കുറവ് പാടില്ലെന്ന് മന്ത്രിസഭാ യോഗം നിർദേശിച്ചു. സമ്പർക്കത്തിലൂടെ രോഗം പകരുന്നത് വർധിക്കുന്നത് ആശങ്കയുണ്ടാക്കുന്നു. നിർദേശങ്ങൾ കർശനമായി നടപ്പിലാക്കണം. കൂടുതൽ നിയന്ത്രണങ്ങൾ വേണ്ടിടത്ത് ജില്ല ഭരണകൂടത്തിന് തീരുമാനമെടുക്കാമെന്നും മന്ത്രിസഭ യോഗം നിർദേശിച്ചു. സമരങ്ങളിൽ നിയന്ത്രണം പാലിക്കണമെന്ന് രാഷ്ട്രീയ പാർട്ടികളോട് മന്ത്രിസഭ ആവശ്യപ്പെട്ടു.