തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാരിന്‍റെ രണ്ടാം ബജറ്റില്‍ മത്സ്യബന്ധനത്തിനായി വിവിധ വികസന പദ്ധതികളാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്‌തിരിക്കുന്നത്. കൂടാതെ പുതിയതായി ആരംഭിക്കുന്ന പദ്ധതികള്‍ക്കും സര്‍ക്കാര്‍ തുക അനുവദിച്ചു. ആകെ 321.31 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്.
ഉള്‍നാടന്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട മത്സ്യ സമ്പത്തിന്‍റെ സംരക്ഷണത്തിനും വികസനത്തിനും പരിപാലനത്തിനുമായി അഞ്ച് കോടി രൂപയാണ് വകയിരുത്തിയത്. കടലോര മത്സ്യബന്ധന പദ്ധതികള്‍ക്കായി 61.10 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. മത്സ്യരംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള സമുദ്ര പ്രൊജക്‌ടിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് 3.50 കോടി രൂപ നീക്കിവച്ചു. മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ സമുദ്രത്തില്‍ നിന്നും പ്ലാസ്‌റ്റിക്ക് മാലിന്യം നീക്കം ചെയ്യുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ശുചിത്വ- സാഗരം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പദ്ധതി വിഹിതമായ 50 ലക്ഷം രൂപ ഉള്‍പ്പടെ 5 കോടി രൂപയാണ് അനുവദിച്ചത്.
മത്സ്യബന്ധന ബോട്ടുകളെ ആധുനികവത്‌കരിക്കാന്‍ 10 കോടി രൂപയുടെ ഒരു പുതിയ പദ്ധതിയും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മത്സ്യബന്ധന ബോട്ടുകളുടെ എഞ്ചിനുകള്‍ ഘട്ടം ഘട്ടമായി പെട്രോള്‍-ഡീസല്‍ എന്‍ജിനുകളാക്കി മാറ്റുന്നതിനുള്ള പുതിയ പദ്ധതികള്‍ക്കായി ആദ്യ ഘട്ടത്തില്‍ തന്നെ എട്ട് കോടി രൂപയും സര്‍ക്കാര്‍ വകയിരുത്തി.