തിരുവനന്തപുരം: ക്രിസ്ത്യന്‍ വോട്ടുകള്‍ സ്വന്തം പെട്ടിയിലാക്കാനുള്ള തന്ത്രം അണിയറയില്‍ പയറ്റി ബിജെപി കേന്ദ്ര - സംസ്ഥാന നേതൃത്വങ്ങള്‍. ബിജെപിയോട് അയിത്തം പ്രഖ്യാപിച്ച് അകന്നുനില്‍ക്കുന്ന ക്രിസ്ത്യന്‍ മതവിഭാഗങ്ങളിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് പകരമുള്ള നീക്കമാണ് പാര്‍ട്ടി നടത്തുന്നത്. ഇതുമുന്നില്‍ കണ്ടാണ് ജോണി നെല്ലൂരിന്‍റെ നേതൃത്വത്തില്‍ പുതിയ കര്‍ഷക പാര്‍ട്ടി രൂപീകരിച്ച് മധ്യതിരുവിതാംകൂറിലെ ക്രിസ്ത്യന്‍ കര്‍ഷകരെ ആകര്‍ഷിച്ച് പാര്‍ട്ടിയിലെത്തിക്കാനുള്ള ശ്രമം. ലോക്‌സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ഈ പാര്‍ട്ടിയെ ബിജെപിയുടെ ഘടകകക്ഷിയാക്കുകയും ചെയ്യുകയെന്ന തന്ത്രമാണ് ബിജെപി പുറത്തെടുക്കുന്നത്.
മധ്യകേരളത്തിലും കുടിയേറ്റ മേഖലകളിലും കര്‍ഷകര്‍ വര്‍ഷങ്ങളായി അനുഭവിക്കുന്ന വിലത്തകര്‍ച്ച ഉള്‍പ്പെടെയുള്ള കര്‍ഷകരുടെ നീറുന്ന പ്രശ്‌നങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മുദ്രാവാക്യം തുടക്കത്തിലേ മുന്നോട്ടുവച്ചിരുന്നു. ഇത് വന്‍തോതില്‍ കര്‍ഷകരെ ആകര്‍ഷിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് മുന്‍ കേരള കോണ്‍ഗ്രസ് നേതാവായ ജോണി നെല്ലൂരിന്‍റെ നേതൃത്വത്തില്‍ അണിയറയില്‍ തയ്യാറാകുന്ന രാഷ്ട്രീയ പാര്‍ട്ടി ലക്ഷ്യംവയ്ക്കുന്നത്. റബ്ബറിന്‍റെ വിലത്തകര്‍ച്ചക്കെതിരെ തലശേരി ബിഷപ്പ് ജോസഫ് പാംപ്ലാനി തുറന്നുവച്ച വാതില്‍പ്പഴുതിലൂടെ, ബിജെപി തുടര്‍നീക്കം നടത്തിയതിന്‍റെ ഫലമാണ് പൊടുന്നനേയുള്ള ജോണി നെല്ലൂരിന്‍റെ പാര്‍ട്ടി പ്രഖ്യാപനം.
പുറത്തുവന്ന് 'വെടിപൊട്ടിച്ചത്' വിക്‌ടര്‍ ടി തോമസ്: ഏറെ കാലമായി ബിജെപി അണിയറയില്‍ തയ്യാറാക്കി പരുവപ്പെടുത്തിയ ക്രിസ്ത്യന്‍ പാര്‍ട്ടി പ്രഖ്യാപനത്തിന് ഇതിലും പറ്റിയ സമയമില്ലെന്ന് തിരിച്ചറിഞ്ഞ പാര്‍ട്ടി നേതൃത്വം കൂടുതല്‍ കേരള കോണ്‍ഗ്രസിലെ അസംതൃപ്‌ത നേതാക്കളെ ലക്ഷ്യമിട്ട് നടത്തിയ നീക്കം വിജയിക്കുകയായിരുന്നു. ഇതോടെയാണ് കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനം പൊടുന്നനേ വലിച്ചെറിഞ്ഞ് ജോണി നെല്ലൂര്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം പരസ്യമാക്കിയത്.
നേരത്തേ കേരള കോണ്‍ഗ്രസിലും പിന്നീട് കോണ്‍ഗ്രസിലും നേതാവായിരുന്ന കാഞ്ഞിരപ്പള്ളി മുന്‍ എംഎല്‍എ ജോര്‍ജ് ജെ മാത്യുവിനെയാണ് ബിജെപി തുടക്കത്തില്‍ ഇതിനായി നിയോഗിച്ചിരുന്നത്. കേരള കോണ്‍ഗ്രസിലെ അസംതൃപ്‌തരെ ഉന്നമിട്ട് നടത്തിയ നീക്കം വിജയിച്ചതോടെ ജോണി നെല്ലൂരിനെ പുതിയ പാര്‍ട്ടി രൂപീകരണത്തിന്‍റെ ഉത്തരവാദിത്തം ഏല്‍പ്പിക്കുകയായിരുന്നു.
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം പത്തനതിട്ട ജില്ല പ്രസിഡന്‍റ് വിക്‌ടര്‍ ടി തോമസ് ആയിരുന്നു ആദ്യം കേരള കോണ്‍ഗ്രസ് ഉപേക്ഷിച്ച് പുറത്തുവന്ന് വെടിപൊട്ടിച്ചത്. പിന്നാലെ ജോണി നെല്ലൂരും രംഗത്തെത്തി. ഏപ്രില്‍ അവസാനവാരം നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടി എന്ന പേരില്‍ പാര്‍ട്ടി രൂപീകരിക്കാനാണ് പദ്ധതി. പുതിയ പാര്‍ട്ടി നീക്കത്തിന് പിന്തുണയുമായി കേരള കോണ്‍ഗ്രസ് നേതാവ് മാത്യു സ്റ്റീഫനും രംഗത്തുവന്നു. കേരള കോണ്‍ഗ്രസ് വിട്ട അദ്ദേഹം ജോണി നെല്ലൂരിനൊപ്പം പ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കി. കേരള കോണ്‍ഗ്രസ് എം നേതാവായ മുന്‍ എംഎല്‍എ പിഎം മാത്യുവും വൈകാതെ ഈ കൂട്ടായ്‌മക്കൊപ്പം ചേരുമെന്ന് സൂചനയുണ്ട്.
'പരിഹാരം' കര്‍ഷകരുടെ പ്രശ്‌നമുയര്‍ത്തല്‍: പ്രധാനമായും എല്ലാ കേരള കോണ്‍ഗ്രസുകളിലെയും അസംതൃപ്‌തരായ നേതാക്കളെയാണ് പുതിയ പാര്‍ട്ടി ലക്ഷ്യംവയ്ക്കുന്നത്. ഇതിന്‍റെ ഉത്തരവാദിത്തം ജോണി നെല്ലൂരിനാണ്. നേരിട്ട് ബിജെപിയെ സ്വീകരിക്കാന്‍ മടിക്കുന്നവരെ മറ്റൊരു കര്‍ഷക രാഷ്ട്രീയ പാര്‍ട്ടിയിലൂടെ ബിജെപി പാളയത്തിലെത്തിക്കുക എന്നതാണ് തന്ത്രം. ഇവിടെയാണ് റബ്ബര്‍ വിലത്തകര്‍ച്ച ബിജെപിക്ക് രാഷ്ട്രീയ ആയുധമാകുന്നത്.
അതേസമയം, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുകയും അതിന് പരിഹാരം കാണാന്‍ ആത്മാര്‍ഥമായി ശ്രമിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ അഭാവമാണ് റബ്ബര്‍ വിലത്തകര്‍ച്ചയടക്കമുള്ള പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണമെന്ന ചിന്ത മധ്യകേരളത്തിലെയും കുടിയേറ്റ മേഖലയിലെയും കര്‍ഷകര്‍ക്ക് പൊതുവേയുണ്ട്. ഇവരാണ് പരമ്പരാഗത കേരള കോണ്‍ഗ്രസ് വോട്ടുബാങ്ക്. എന്നാല്‍, പ്രധാനപ്പെട്ട രണ്ട് കേരള കോണ്‍ഗ്രസുകളും കര്‍ഷക പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നതില്‍ തികഞ്ഞ പരാജയമാണെന്ന വിലയിരുത്തല്‍ പൊതുവേ കര്‍ഷകര്‍ക്കിടയിലുണ്ട്.
പാംപ്ലാനിയുടെ പ്രസ്‌താവന ബിജെപിക്ക് അനുകൂലമായിട്ടുപോലും അതിന് ക്രിസ്ത്യാനികള്‍ക്കിടയില്‍ സ്വീകാര്യത ലഭിക്കുന്നത് ഈ പ്രത്യേക സാഹചര്യത്തിലാണ്. ഈ പ്രതിസന്ധിയെ അവസരമാക്കാനാണ് ബിജെപി നേതൃത്വം ശ്രമിക്കുന്നതെന്ന് വ്യക്തം. ഇതിന് വ്യക്തമായ പദ്ധതികളും അവര്‍ ആസൂത്രണം ചെയ്‌തുകഴിഞ്ഞു. ഈ മാസം 24ന് പ്രധാനമന്ത്രിയുടെ കൊച്ചി സന്ദര്‍ശനത്തിനിടെ ക്രിസ്‌ത്രീയ മത മേലധ്യക്ഷന്‍മാരുമായുള്ള കൂടിക്കാഴ്‌ചയ്ക്ക് ബിജെപി നേതൃത്വം ശ്രമിക്കുന്നുണ്ട്. ഈ കൂടിക്കാഴ്‌ചയില്‍ കാര്‍ഷികോത്പന്നങ്ങളുടെ പ്രത്യേകിച്ചും റബ്ബര്‍ അടക്കമുള്ള നാണ്യവിളകളുടെ വിലത്തകര്‍ച്ച ചര്‍ച്ചയാകും.
ഇന്നത്തെ സാഹചര്യത്തില്‍ റബ്ബറിന് കിലോഗ്രാമിന് കുറഞ്ഞത് 50 രൂപ വര്‍ധിപ്പിക്കാന്‍ കേന്ദ്രം സമ്മതിച്ചാല്‍ പോലും അത് ബിജെപി വോട്ടുകളില്‍ അദ്‌ഭുതകരമായ വര്‍ധന ഉണ്ടാക്കും. മാത്രമല്ല, മധ്യ തിരുവിതാംകൂറിലും കുടിയേറ്റ മേഖലകളിലും അത് ബിജെപിക്ക് അപ്രതീക്ഷിത നേട്ടമുണ്ടാക്കുകയും ചെയ്യുമെന്ന് ഒരു മുതിര്‍ന്ന മുന്‍ കേരള കോണ്‍ഗ്രസ് നേതാവ് ഇടിവി ഭാരത് പ്രതിനിധിയോട് പറഞ്ഞു.
കൊഴിഞ്ഞുപോക്കിന് സാധ്യത: ബിജെപിയുടെ ഈ നീക്കം വിജയിച്ചാല്‍ വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട, ഇടുക്കി, കോട്ടയം, മാവേലിക്കര, ചാലക്കുടി, കണ്ണൂര്‍ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയേല്‍ക്കാന്‍ സാധ്യത ഏറെയാണ്. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ നിന്നും വന്‍തോതില്‍ പുതിയ പാര്‍ട്ടിയിലേക്ക് കൊഴിഞ്ഞുപോക്കിന് സാധ്യതയുള്ള പശ്ചാത്തലത്തില്‍ മാണി ഗ്രൂപ്പിന്‍റെ പിന്‍ബലത്തില്‍ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ആധിപത്യമുറപ്പിക്കാന്‍ ശ്രമിക്കുന്ന സിപിഎമ്മിനും ഭാവിയില്‍ ഈ നീക്കം തിരിച്ചടിയാകും.
മാത്രമല്ല, മധ്യ തിരുവിതാംകൂറില്‍ നിര്‍ണായക സ്വാധീനമുള്ള കത്തോലിക്ക സഭയുടെ രണ്ട് പ്രമുഖ മത മേലധ്യക്ഷന്‍മാരായ കാഞ്ഞിരപ്പള്ളി ബിഷപ്പും പാല ബിഷപ്പും ഈ നീക്കത്തെ പരോക്ഷമായി പിന്തുണച്ചാല്‍ പോലും അത് മാണി ഗ്രൂപ്പിന്‍റെ എക്കാലത്തേയും വലിയ തകര്‍ച്ചയ്ക്ക് കാരണമാകും. ഈ സാഹചര്യത്തില്‍ കാത്തിരുന്നു കാണുക എന്ന 'അയകൊയമ്പന്‍' സമീപനമെടുത്തിട്ടുള്ള കോണ്‍ഗ്രസ് കൂടുതല്‍ ജാഗ്രതയോടെ കളത്തിലിറങ്ങി കളിച്ചില്ലെങ്കില്‍ തിരിച്ചുകയറാനാകാത്ത തിരിച്ചടിയായിരിക്കും അവരെ കാത്തിരിക്കുക. സ്വന്തം കാലിനടിയിലെ മണ്ണ് ചോരാതിരിക്കാനുള്ള ശ്രമം സിപിഎം നടത്തിയില്ലെങ്കില്‍ ഭാവിയില്‍ അവരെ കാത്തിരിക്കുന്നതും അപകടമാണ്.
'ജോണി നെല്ലൂരിന്‍റെ പാര്‍ട്ടിക്കും അത് സംഭവിക്കും': സമാന തരത്തില്‍ ബിജെപി നടത്തിയ പരീക്ഷണമായിരുന്നു ബിഡിജെഎസ് രൂപീകരണമെന്ന് ചൂണ്ടിക്കാട്ടി ഇപ്പോഴത്തെ നീക്കത്തെ പ്രതിരോധിക്കുന്നവര്‍ കോണ്‍ഗ്രസിലും സിപിഎമ്മിലുമുണ്ട്. എസ്എന്‍ഡിപിയേയും പിന്നാക്ക വിഭാഗങ്ങള്‍ക്കിടയില്‍ നിര്‍ണായക സ്വാധീനമുള്ള കെപിഎംഎസിലേയും വലിയൊരു വിഭാഗത്തെ ചേര്‍ത്തായിരുന്നു ബിജെപി ആശീര്‍വാദത്തോടെ ബിഡിജെഎസ് രൂപീകരണം. എന്നാല്‍, ആ പാര്‍ട്ടി രൂപീകരണം കൊണ്ട് ബിജെപിക്ക് ഒരിടത്തും പ്രതീക്ഷിച്ച ഒരു നേട്ടവുമുണ്ടാക്കാനായില്ലെന്ന് ഈ വിഭാഗം പറയുന്നു.
ഇതേ അവസ്ഥയായിരിക്കും ജോണി നെല്ലൂരിന്‍റെ പാര്‍ട്ടിക്കും സംഭവിക്കുക എന്നും ചൂണ്ടിക്കാട്ടുന്നവരുണ്ട്. പക്ഷേ, ഇതിനെല്ലാമുപരി ഒരിക്കലും പടികടന്നെത്താനാകാത്ത കുറേ ഭവനങ്ങളുടെയെങ്കിലും പൂമുഖവാതില്‍ ഈ നീക്കത്തോടെ ബിജെപിക്ക് മുന്‍പില്‍ മലര്‍ക്കെ തുറന്നാല്‍ അതുതന്നെ ഭാവിയിലേക്കുള്ള ചുവടുവയ്‌പാകും എന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.