തിരുവനന്തപുരം: കേരള ബാങ്ക് ആസ്ഥാനത്ത് ബാങ്കിന്‍റെ ആദ്യ ഭരണ സമിതി ചുമതലയേറ്റു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യത്തിൽ കേരള ബാങ്കിന്‍റെ പ്രഥമ പ്രസിഡന്‍റായി ഗോപി കോട്ടമുറിക്കലിനെ തെരഞ്ഞെടുത്തു. എം. കെ കണ്ണനാണ് വൈസ് പ്രസിഡൻ്റ്. വിട്ടു നിൽക്കുന്ന മലപ്പുറം ജില്ലാ സഹകരണ ബാങ്കും രാഷ്ട്രീയം മാറ്റിവച്ച് കേരള ബാങ്കുമായി സഹകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മലപ്പുറത്തിന് സഹകരിക്കാൻ താൽപര്യമുണ്ട്. എന്നാൽ പ്രതിപക്ഷ നിലപാട് അതിന് തടസ്സം സൃഷ്ടിക്കുന്നു. ഒരു ജില്ലയ്ക്ക് മാത്രമായി കേരള ബാങ്കിന്‍റെ പ്രയോജനം നിഷേധിക്കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ 13 ഇടത്തും ഇടതുമുന്നണി പാനൽ വിജയിച്ചിരുന്നു. തർക്കം നിലനിൽക്കുന്നതിനാൽ മലപ്പുറത്ത് തെരഞ്ഞെടുപ്പ് നടന്നില്ല. കേരള ബാങ്ക് റിസർവ് ബാങ്ക് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് നേതൃത്വത്തിലുള്ള മലപ്പുറം ജില്ലാ സഹകരണ ബാങ്ക് തുടക്കം മുതൽ സഹകരിച്ചിരുന്നില്ല. പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ഗോപി കോട്ടമുറിക്കൽ സിപിഎം സമതി അംഗവും അർബൻ ബാങ്കുകളുടെ പ്രതിനിധിയുമാണ്. കഴിഞ്ഞ വർഷം നവംബർ 29നാണ് കേരള ബാങ്ക് നിലവിൽ വന്നത്. നിലവിലുള്ള സഹകരണ ബാങ്കുകളെ ലയിപ്പിച്ചാണ് കേരള ബാങ്ക് രൂപികരിച്ചത്.