തിരുവനന്തപുരം: കേന്ദ്രസർക്കാരിൻ്റെ പൊതുവിദ്യാഭ്യാസ രംഗത്തെ പെർഫോമൻസ് ഗ്രേഡിങ് ഇൻഡക്‌സിൽ തുടർച്ചയായി നാലാം വർഷവും ഒന്നാം ഗ്രേഡ് നിലനിർത്തി കേരളം. എല്ലാവർക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം എത്തിക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിൻ്റെ തെളിവാണിതെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി നിയമസഭയിൽ പറഞ്ഞു. വിദ്യാഭ്യാസ രംഗത്തെ പഠന നേട്ടങ്ങൾ, പ്രാപ്യത (വിദ്യാഭ്യാസം എല്ലാവരിലേക്കും), ഭൗതിക സൗകര്യങ്ങൾ, തുല്യത, ഭരണനിർവഹണ പ്രക്രിയ എന്നീ മേഖലകളെ അടിസ്ഥാനമാക്കിയാണ് പ്രകടന മികവ് വിലയിരുത്തുക.
എല്ലാവർക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന സംസ്ഥാനത്തിന്‍റെ ലക്ഷ്യം കൈവരിക്കുന്നതായാണ് സൂചികയില്‍ കേരളത്തിന് ലഭിച്ച സ്കോർ സൂചിപ്പിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. സ്‌കൂള്‍ പ്രാപ്യതയിൽ 80 ൽ 79 സ്കോറാണ് കേരളത്തിന് ലഭിച്ചിട്ടുള്ളത്. സ്‌കൂൾ പ്രാപ്യതയിൽ കർണാടക -76, ഗുജറാത്ത് -71, അരുണാചൽപ്രദേശ് -59 എന്നിങ്ങനെയാണ് മറ്റു കണക്കുകൾ.
എല്ലാവരിലും വിദ്യാഭ്യാസം ഉറപ്പിക്കുന്നതിനായും ഗുണമേന്മയുള്ള സൗകര്യങ്ങൾക്കുമായും സംസ്ഥാനം വിവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കിയിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ അറിയിച്ചു. ഭാഷകളെക്കുറിച്ച് പഠിക്കാൻ പഠന പോഷണ പരിപാടികൾ, രാഷ്ട്രീയ ആവിഷ്‌കാർ അഭിയാൻ, ഇന്നവേഷൻ, ഫൗണ്ടേഷൻ ലിറ്ററസി ആന്‍റ് ന്യൂമറസി, സ്‌കൂൾ ലൈബ്രറി, പ്രീ സ്‌കൂൾ പ്രവർത്തനങ്ങൾ, അധ്യാപക പരിശീലനം, ലൊക്കേഷണലൈസേഷൻ ഓഫ് എഡ്യൂക്കേഷൻ, കലാകായിക വർക്ക് എജുക്കേഷൻ, ജെൻഡർ ഇക്വിറ്റി പ്രോഗ്രാം തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
എന്നാല്‍ 2017-18 മുതലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംസ്ഥാനങ്ങളുടെ മികവ് വിലയിരുത്തുന്നതിന് വേണ്ടി പെർഫോമൻസ് ഗ്രേഡിങ് ഇൻഡക്‌സ് തയ്യാറാക്കി തുടങ്ങിയത്. അന്നുമുതൽ എല്ലാ പെർഫോമൻസ് ഗ്രേഡിങ് ഇൻഡക്‌സിലും കേരളം ഒന്നാം സ്ഥാനം നിലനിർത്തിയെന്നും മന്ത്രി അറിയിച്ചു. വിവിധ മേഖലകളിൽ പ്രവർത്തനങ്ങളെ വിലയിരുത്തി സ്കോർ നൽകിയാണ് പട്ടിക തയ്യാറാക്കുക. അവസാനം പുറത്തുവിട്ട 2020- 2021 ലെ പട്ടികയിൽ ആകെ സ്കോറായ 1000 ൽ 928 നേടിയാണ് നാലാം തവണയും കേരളം ഒന്നാം റാങ്ക് നിലനിർത്തിയത്.
അതേസമയം മുന്‍ വര്‍ഷങ്ങളിലും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തയാറാക്കിയ സൂചികയില്‍ കേരളം വണ്‍ പ്ലസ് പ്ലസ് ഗ്രേഡ് നേടിയിരുന്നു. 70 മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി നടത്തിയ പഠനത്തില്‍ 2021 ല്‍ കേരളമടക്കം അഞ്ച് സംസ്ഥാനങ്ങള്‍ക്ക് 901-950 പോയന്‍റുകള്‍ക്കിടയില്‍ ലഭിച്ചിരുന്നു. പഞ്ചാബ്, ഛത്തിസ്‌ഗഡ്, തമിഴ്‌നാട്, ആൻഡമാൻ നിക്കോബാർ ദ്വീപ് എന്നിവയാണ് അന്ന് കേരളത്തിനൊപ്പം മുന്നിലെത്തിയത്. പരമാവധി 1000 പോയന്‍റ് അടിസ്ഥാനമാക്കിയാണ് ഗ്രേഡ് നിശ്ചയിക്കുക. ഇതില്‍ 951-1000 എന്നതാണ് ഏറ്റവും ഉയർന്ന ഗ്രേഡിങ്. എന്നാല്‍ ഈ നേട്ടത്തിലേക്കെത്താൻ ഇന്നേവരെ ഒരു സംസ്ഥാനത്തിനും കഴിഞ്ഞിട്ടില്ല. മേഘാലയയും ലഡാക്കുമായിരുന്നു മുന്‍വര്‍ഷങ്ങളിലെ ഗ്രേഡിങ്ങില്‍ ഏറ്റവും താഴെയുണ്ടായിരുന്നത്. അതേസമയം മുന്‍ വര്‍ഷങ്ങളിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും മുന്നിലേക്ക് എത്തിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രാലയം അന്ന് അറിയിച്ചിരുന്നു.