തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ എംപി ഓഫിസ് ആക്രമിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ അതിവൈകാരികമായ ഭരണ-പ്രതിപക്ഷ പോരിന് നാളെ(ജൂണ്‍ 27) നിയമസഭ വേദിയാകും. സ്വര്‍ണക്കടത്ത് കേസിലെ വിവാദങ്ങള്‍ കത്തിനില്‍ക്കുന്നതിനാല്‍ നിയമസഭ സമ്മേളനം പ്രക്ഷുബ്‌ധമാകുമെന്ന് ഉറപ്പിച്ചിരിക്കെയാണ് എംപി ഓഫിസ് ആക്രമണം. ഇതിനിടെ യുഡിഎഫ് പ്രവര്‍ത്തകര്‍ വയനാട് ദേശാഭിമാനി ഓഫിസ് ആക്രമിച്ചത് ഭരണപക്ഷത്തിനും ആയുധമാകും.
മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യയും മക്കളും ഉള്‍പ്പെടെയുള്ളവരെ ആരോപണ മുനയില്‍ നിര്‍ത്തിയുള്ള സ്വപ്‌ന സുരേഷിന്‍റെ വെളിപ്പെടുത്തല്‍ സഭാതലത്തില്‍ പ്രതിപക്ഷം ആയുധമാക്കുമ്പോള്‍, വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിയെ അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവം ഉപയോഗിച്ചായിരിക്കും ഭരണപക്ഷം പ്രതിരോധം തീര്‍ക്കുക. തൃക്കാക്കരയിലെ യുഡിഎഫിന്‍റെ വന്‍ വിജയത്തിന്‍റെ ആത്മവിശ്വാസം കൂടി പ്രതിപക്ഷത്തിന് ലഭിക്കുന്നതോടെ സഭ കലുഷിതമാകുമെന്ന് ഉറപ്പാണ്.
നാളെ ആരംഭിക്കുന്ന പതിനഞ്ചാം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനത്തില്‍ 2022-23 വര്‍ഷത്തെ ധനാഭ്യര്‍ഥനകള്‍ വിശദമായി ചര്‍ച്ച ചെയ്‌ത് പാസാക്കുമെന്ന് സ്‌പീക്കര്‍ എം.ബി രാജേഷ് പറഞ്ഞു. സഭ സമ്മേളിക്കുന്ന 23 ദിവസങ്ങളില്‍ 13 ദിവസം ബജറ്റ് ചര്‍ച്ചയ്‌ക്കും, നാല് ദിവസങ്ങള്‍ അനൗദ്യോഗിക അംഗങ്ങള്‍ക്കായും നീക്കിവച്ചിട്ടുണ്ട്. കൂടാതെ, ധനകാര്യ ബില്ലുകളുടെ പരിഗണനയ്‌ക്കായി നാല് ദിവസങ്ങളും, ഉപധനാഭ്യര്‍ഥനയ്‌ക്കും ധനവിനിയോഗ ബില്ലുകള്‍ക്കുമായി നാല് ദിവസവും മാറ്റിവച്ചിട്ടുണ്ട്.
ഒരു വര്‍ഷ കാലയളവ് പൂര്‍ത്തിയാക്കിയ പതിനഞ്ചാം കേരള നിയമസഭ ഇതുവരെ 61 ദിവസം സമ്മേളിച്ചതായി സ്‌പീക്കര്‍ പറഞ്ഞു. കൊവിഡ് പശ്ചാത്തലമായിരുന്നിട്ട് കൂടി ഇത്രയും ദിനങ്ങള്‍ സമ്മേളിച്ചെന്നത് മറ്റ് നിയമസഭകളുമായി താരതമ്യം ചെയ്യുമ്പോള്‍ മെച്ചപ്പെട്ട നേട്ടമാണെന്ന് സ്‌പീക്കര്‍ ചൂണ്ടിക്കാട്ടി. തൃക്കാക്കരയില്‍ നിന്ന് വിജയിച്ച ഉമ തോമസ് കൂടി എത്തുന്നതോടെ പ്രതിപക്ഷ നിരയിലെ വനിത സാന്നിധ്യം രണ്ടായി ഉയരും.