തിരുവനന്തപുരം: കണ്ടല ലഹളയുടെ ഐതിഹാസിക ചരിത്രം പേറുന്ന മണ്ണാണ് കാട്ടാക്കടയുടേത്. 'ഏങ്ങടെ കുട്ടിയോളെ പള്ളിക്കൂടത്തില്‍ കേറ്റിയില്ലെങ്കില്‍ തമ്പ്രാന്റെ പാടത്ത് മുട്ട പുല്ല് മുളപ്പിക്കുമെന്ന്' സവര്‍ണ ജന്മിമാരുടെ മുഖത്ത് നോക്കി മഹാത്മ അയ്യന്‍കാളി ഗര്‍ജിച്ച നാട്. പഞ്ചമിയുടെ കയ്യും പിടിച്ച് അയ്യന്‍കാളി പള്ളിക്കൂടത്തിന്‍റെ പടികള്‍ കയറിയപ്പോള്‍ കേരള നവോത്ഥാന ചരിത്രത്തിന് തുടക്കവുമായി. ചട്ടമ്പി സ്വാമികളുടെ ജന്മദേശം കൂടി ഉള്‍പ്പെടുന്ന കാട്ടാക്കടയ്ക്ക് പറയാനുള്ളത് രണ്ട് തെരഞ്ഞെടുപ്പുകളുടെ ചരിത്രം.
2011ല്‍ മണ്ഡല പുനക്രമീകരണത്തിന് ശേഷം നേമം, ആര്യനാട് മണ്ഡലങ്ങളുടെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കാട്ടാക്കട മണ്ഡലം രൂപീകരിച്ചത്. ആദ്യ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ എന്‍ ശക്തനെ കാട്ടാക്കടക്കാര്‍ നിയമസഭയിലേക്ക് അയച്ചു. ഇടതു സ്വതന്ത്ര ജയാ ഡാളിയെ 12,916 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയ ശക്തന്‍ ആദ്യം ഡെപ്യൂട്ടി സ്പീക്കറും ജി കാര്‍ത്തികേയന്‍റെ മരണ ശേഷം സ്പീക്കറുമായി. 2016ല്‍ സ്പീക്കര്‍ പദവിയുടെ പകിട്ടുമായി മത്സരത്തിനെത്തിയ ശക്തനെ സിപിഎം രംഗത്തിറക്കിയ ഐബി സതീഷ് വീഴ്ത്തി. ശക്തമായ മത്സരത്തിനൊടുവില്‍ 849 വോട്ടിന്‍റെ മാത്രം ഭൂരിപക്ഷത്തിലായിരുന്നു ഐബി സതീഷിന്‍റെ വിജയം. ഇത്തവണയും ഐബി സതീഷ് തന്നെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. കോണ്‍ഗ്രസിനായി മലയിന്‍കീഴ് വേണുഗോപാലും ബിജെപിക്കായി പികെ കൃഷ്ണദാസും മത്സര രംഗത്തുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ അടൂര്‍ പ്രകാശിനായിരുന്നു മണ്ഡലത്തില്‍ ലീഡ്. തെക്ക് നെയ്യാറും വടക്ക് കരമനയാറും അതിര്‍ത്തിയാകുന്ന കാര്‍ഷിക മേഖലയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ ഇടതുമുന്നണിക്ക് കഴിഞ്ഞു. കാട്ടാക്കട, മലയില്‍കീഴ്, മാറനല്ലൂര്‍, വിളപ്പില്‍, വിളവൂര്‍ക്കല്‍, പള്ളിച്ചല്‍ എന്നീ ആറ് പഞ്ചായത്തുകളിലെ 122 വാര്‍ഡുകളില്‍ 62 ഇടത്തും ഇടതുമുന്നണിക്ക് ജയം. 32 വാര്‍ഡുകളില്‍ യുഡിഎഫും 27 സീറ്റുകളില്‍ എന്‍ഡിഎയും ഒരിടത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും വിജയിച്ചു. ആറില്‍ നാല് പഞ്ചായത്തുകളും ഭരിക്കുന്നത് ഇടതുമുന്നണി. ബ്ലോക്ക് പഞ്ചായത്തുകളിലും ജില്ലാ ഡിവിഷനുകളിലും ഇടത് ആധിപത്യം.
മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പദ്ധതികളും സംസ്ഥാന സര്‍ക്കാരിന്‍റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളും ഉയര്‍ത്തിയാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ഐബി സതീഷിന്‍റെ പ്രചാരണം. ജലനിധി ഉള്‍പ്പടെയുള്ള പദ്ധതികള്‍ക്ക് മണ്ഡലത്തില്‍ ലഭിച്ച സ്വീകാര്യതയും സതീഷിന് ആത്മവിശ്വാസം നല്‍കുന്നു. കുടിവെള്ള പ്രശ്‌നവും വികസന മുരടിപ്പും ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് പ്രചാരണം. എന്‍ ശക്തന്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അപ്പുറം ഒന്നും മണ്ഡലത്തില്‍ ഉണ്ടായിട്ടില്ലെന്നും പിആര്‍ വര്‍ക്ക് മാത്രമാണ് നടക്കുന്നതെന്നുമാണ് യുഡിഎഫ് ആരോപണം. മൂന്നാം തവണയാണ് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗമായ കൃഷ്ണദാസ് കാട്ടാക്കടയില്‍ മത്സരിക്കുന്നത്. ഒരോ തവണയും വോട്ട് വിഹിതം ഗണ്യമായി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞതിന്‍റെ ആത്മവിശ്വാസത്തോടൊപ്പം മോദി സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങള്‍ക്ക് കാട്ടാക്കടയില്‍ അംഗീകാരം ലഭിക്കുമെന്ന വിശ്വാസത്തിലുമാണ് അദ്ദേഹം.