തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം അവസാനിക്കാൻ ഒരാഴ്‌ച മാത്രം ശേഷിക്കെ അവസാന വോട്ടും ഉറപ്പിക്കാൻ മുന്നണികൾ. പ്രചാരണം കൊഴുപ്പിക്കാൻ വരുംദിവസങ്ങളിൽ ദേശീയ നേതാക്കൾ കൂട്ടത്തോടെ കേരളത്തിലെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും നാളെ കേരളത്തിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും.
നാളെ പാലക്കാട് എത്തുന്ന മോദി ഏപ്രിൽ രണ്ടിന് കോന്നിയിലും തിരുവനന്തപുരത്തും എത്തും. പ്രധാനമന്ത്രിക്ക് പുറമേ ആഭ്യന്തരമന്ത്രി അമിത്ഷാ, പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ എന്നിവരും ഈ ആഴ്‌ചകളിൽ സംസ്ഥാനത്ത് സജീവമാകും. നാളെ കേരളത്തിലെത്തുന്ന പ്രിയങ്ക ഗാന്ധി രണ്ടുദിവസങ്ങളിലായി തിരുവനന്തപുരം, കൊല്ലം, തൃശൂർ ജില്ലകളിൽ പര്യടനം നടത്തും. 11 കേന്ദ്രങ്ങളിൽ പ്രിയങ്ക പ്രസംഗിക്കും. രാഹുൽഗാന്ധി 3, 4 തീയതികളിൽ വയനാട്, കോഴിക്കോട് ജില്ലകളിലെ പ്രചാരണത്തിന് എത്തുന്നുണ്ട്. ഇതിനകം രാഹുൽ ഗാന്ധി രണ്ട് റൗണ്ട് പര്യടനം പൂർത്തിയാക്കിക്കഴിഞ്ഞു.
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ദേശീയ നേതാക്കളായ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട് എന്നിവർ കേരളത്തിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ പര്യടനം നാളെ വരെ തുടരും. ആഴക്കടൽ മത്സ്യബന്ധനം, വ്യാജ വോട്ട്, ഭക്ഷ്യക്കിറ്റ്, സ്വർണക്കടത്ത് ഉൾപ്പെടെയുള്ള വിവാദങ്ങളാണ് അവസാന ആഴ്‌ചയിലെ മുഖ്യ പ്രചാരണ വിഷയങ്ങൾ. ശബരിമലയും തെരഞ്ഞെടുപ്പിൽ കേന്ദ്രബിന്ദുവായി തുടരുന്നുണ്ട്.